മടിക്കൈ: ഗ്രാമത്തിലെ കാൽ ലക്ഷത്തിലേറെ ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ തുടങ്ങിയ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ സമൂഹ വിരുദ്ധർ കുളിക്കുന്നതായി പരാതി. അമ്പലത്തുകര വില്ലേജിൽ മൈലാട്ടിപ്പാറയിലാണ് മൂന്ന് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുന്ന ടാങ്കിൽ ചിലരുടെ നീരാട്ട്. ഓപ്പറേറ്റർ മോട്ടോർ ഓൺ ചെയ്യാൻ മൂന്ന് കിലോ മീറ്റർ അകലെയുള്ള പുഴയോരത്തെ പമ്പ് ഹൗസിൽ പോകുന്ന തക്കം നോക്കിയാണ് ചിലർ മതിൽ ചാടിക്കടന്ന് ടാങ്കിലിറങ്ങുന്നത്.
മദ്യപൻമർ ടാങ്കിന്റെ മുകളിൽ കയറിയിരുന്ന് മദ്യപിക്കുകയും ഇവിടുത്തെ കെട്ടിടത്തിന്റെ മുന്നിലേക്ക് കുപ്പികൾ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്നതായി സമീപവാസിയും തുടിപ്പ് സ്വയംസഹായ സംഘം പ്രസിഡന്റുമായ പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇത്രത്തോളം ജനങ്ങൾ കുടിക്കുന്ന വെള്ളമാണെന്ന പരിഗണന പോലുമില്ലാതെയാണ് ഇത്തരം പ്രവൃത്തികൾ. മടിക്കൈയിൽ 1980ൽ ഇതേ സ്ഥലത്ത് ചെറിയൊരു ടാങ്ക് സ്ഥാപിച്ചിരുന്നു. ഈ വെള്ളം ജനങ്ങളുടെ ആവശ്യത്തിന് തികയാതെ വന്നതോടെയാണ് ഏഴ് കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. ഇവിടെ നിന്ന് മൂന്ന് തവണ ശുദ്ധീകരിച്ച് എരിക്കുളത്തെ ടാങ്കിലേക്കും മടിക്കൈ വില്ലേജിലേക്കും എത്തിക്കും.
ടാങ്കിന്റെ സുരക്ഷാ പ്രശ്നം പല തവണ വാട്ടർ അതോറിട്ടി അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ പറഞ്ഞു. കുടിവെള്ള പദ്ധതിക്കായി 92 കിലോ മീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈൻ വലിക്കാൻ നാലു കോടി രൂപയുടെ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് എങ്ങുമെത്തിയില്ല. നിലവിൽ പഴയ പൈപ്പ് ലൈനിലൂടെ വെള്ളം പോകുന്നതിനാൽ ഉദ്ദേശിച്ചത്ര വീടുകളിലേക്ക് എത്തിക്കാനുമായിട്ടില്ല.
പൈപ്പുകൾ അടിക്കടി പൊട്ടുന്ന പതിവുമുണ്ട്. മെക്കാഡം ടാറിംഗ് പ്രവൃത്തി തുടരുന്ന ചെമ്മട്ടംവയൽ- കാലിച്ചാനടുക്കം റോഡിന്റെ അടിയിലൂടെയാണ് പൈപ്പ്ലൈൻ ഉള്ളത്. മുണ്ടോട്ടിന് സമീപത്തായി കയറ്റം കുറയ്‌ക്കുന്ന പ്രവൃത്തി പൈപ്പ് മാറ്റാത്തതിനാൽ നിലച്ചിരിക്കുകയാണ്. എല്ലാ കാര്യത്തിലും വാട്ടർ അതോറിട്ടി കാട്ടുന്ന അലംഭാവം ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.