കാഞ്ഞങ്ങാട്: തീരദേശത്ത് തെരുവു നായ്ക്കളും കാക്കകളുമൊക്കെ കൂട്ടത്തോടെ ചത്തൊടുങ്ങിയത് സംബന്ധിച്ച് യുവാക്കൾക്കെതിരെ അപവാദം പ്രചരിപ്പിച്ചത് ചോദിച്ചതിനിടയിൽ രണ്ടു പേർക്ക് കുത്തേറ്റു. ബാവ നഗറിലെ അനസ്‌ മുഹമ്മദ് ഹനീഫ(19),റബീഹ്(19) എന്നിവർക്കാണ് കുത്തേറ്റത് .ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നഗരത്തിലെ ജ്യൂസ് കടയുടമ ബാവ നഗറിലെ അസ്ലമാണ് തങ്ങളെ കുത്തി മുറിവേൽപിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.

തെരുവു നായ്‌ക്കളെ കൊന്നത് പരിക്കേറ്റ യുവാക്കളാണെന്ന് അസ്ലം പ്രചരിപ്പിച്ചുവത്രെ .ഇതിനു പുറമെ സമൂഹ മാദ്ധ്യമങ്ങളിലും യുവാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രചാരണമുണ്ടായി. ചൊവ്വാഴ്ച അർദ്ധ രാത്രിയോടെയാണ് സംഭവം. അസ്ലമിനെതിരെ വധശ്രമത്തിനാണ് കേസ്. അസ്ലമിന്റെ വീടുകയറി അക്രമിച്ചതിന് മറ്റ് രണ്ടുപേർക്കെതിരെയും ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.