തളിപ്പറമ്പ്: ജനമൈത്രി പൊലീസും ആന്തൂർ നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി നഗരസഭ പരിധിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി കൊവിഡ് ബോധവത്ക്കരണം സംഘടിപ്പിച്ചു. കൂട്ടമായുള്ള പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളിൽ നേരിട്ടെത്തിയാണ് ബോധവൽക്കരണം നടത്തിയത്. ഇന്നലെ രാവിലെ മുതലാണ് ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ പതിനഞ്ചോളം ഫാക്ടറികളിലെ അതിഥി തൊഴിലാളികൾക്കായി ബോധവത്ക്കരണം നടന്നത്.

ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകി സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന രീതിയും ജുനിയർ ഹെൽത്ത് നഴ്സ് രാഖിമോൾ വിശദീകരിച്ചു. മാർച്ച് 31 വരെ നാട്ടിലേക്ക് പോകരുതെന്ന് നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ ബോധവൽക്കരണ പ്രവർത്തനം ജില്ലയിൽ വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ജനമൈത്രി പൊലീസ് എ.എസ്.ഐ സുരേഷ്, സി.പി.ഒമാരായ പി .പി. സിയാദ്, പി .ടി. വിപിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി .ജിനേഷ് എന്നിവരും ഫാക്ടറി ഉടമകളും നേതൃത്വം നൽകി.