നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ കുടിവെളളക്ഷാമം പരിഹരിക്കാൻ നടപ്പിലാക്കിയ ജലനിധി പദ്ധതി പാളുന്നു. രണ്ടു വർഷം മുമ്പാണ് 23 കോടി രൂപ ചെലവിൽ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലനിധി പദ്ധതി നടപ്പിലാക്കിയത്. ഇതിനായി പഞ്ചായത്തിൽ 31 കുടിവെള്ള സമിതികളും രൂപീകരിച്ചിരുന്നു. ഇപ്പോൾ കുടിവെള്ളത്തിന്റെ ചുമതല ഇത്തരം സമിതികൾക്കാണ്. പദ്ധതി നടപ്പാലാക്കിയ ജലനിധി പദ്ധതിക്കാർ സ്ഥലം വിടുകയും ചെയ്തു.
വേനൽ കനത്തതോടെ പല സമിതികളിലും ഇപ്പോൾ വെള്ളം കിട്ടാതെയായി. കീഴ് മാലയിൽ കുടിവെള്ളത്തിനായി കുഴിച്ച കിണറിൽ കലക്ക് വെള്ളമാണ് കിട്ടുന്നത്. വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കായി തിരുവനന്തപുരം ലാബിലേക്ക് അയച്ചിരിക്കയാണ്.ചായ്യോത്ത് കുടിവെള്ള പദ്ധതിയിലുള്ളവർക്ക് പൈപ്പിന്റെ ഗുണനിലവാരം കുറഞ്ഞതിനാൽ വെള്ളം ഭാഗികമായി മാത്രമെ കിട്ടുന്നുള്ളു. ഇവർ പൈപ്പിന്റെ ഗുണനിലവാരത്തിനെ ചൊല്ലി പഞ്ചായത്തിന്റെ അറിവോടെ പൈപ്പ് കമ്പനിക്കെതിരെയും ജലനിധി പദ്ധതിക്കെതിരെയും കേസ് കൊടുത്തിരിക്കയാണ്.
കുവാറ്റി ഭാഗത്താണെങ്കിൽ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായിതിനാൽ വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചില പ്രാദേശിക സമിതികൾ നിർജീവമായതിനാൽ അവിടെയും യഥാസമയം കുടിവെള്ളം കിട്ടാത്ത അവസ്ഥ. കുടിവെള്ള പദ്ധതിക്ക് വേണ്ടി ജലനിധി പദ്ധതിക്കാർ കൊണ്ടുവന്ന പൈപ്പുകൾ ചിലയിടത്ത് വെയിലും മഴയും കൊണ്ട് നശിക്കുകയാണ്.