മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിവിധ ഇടങ്ങളിലായാണ് ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി ഉപേക്ഷിച്ചിട്ടുള്ളത്. വിമാനത്താവളത്തിന് മുന്നിലെ വാഹന പാർക്കിംഗ് കേന്ദ്രം, പാർക്കിങ്ങിലേക്ക് വരുന്ന വഴികൾ, പുറത്തേക്ക് പോകുന്ന പ്രധാന പാത എന്നിവിടങ്ങളിലാണ് മാസ്‌കുകകളും തൂവാലകളും അലക്ഷ്യമായി ഉപേക്ഷിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം ചേർന്ന കീഴല്ലൂർ പഞ്ചായത്ത് കൊറോണ അവലോകനം യോഗത്തിൽ ഇതിനെതിരെ ചർച്ച ഉയർന്നിരുന്നു. യാത്രികരും അവർക്കൊപ്പമുള്ളവരും ഒക്കെ മാസ്‌കും കുടിവെള്ളത്തിന്റെ പ്ലാസ്റ്റിക് ബോട്ടിലും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഇത്തരത്തിൽ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കാൻ യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെത്തുന്നവരും വിമാനം ഇറങ്ങി വരുന്നവരും ധരിച്ച മാസ്‌കുകൾ റോഡരികിൽ വലിച്ചെറിയുന്നത് കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ളതിനാലാണ് നടപടി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാസ്‌ക് വലിച്ചെറിഞ്ഞവരെ തിരിച്ചറിയും. വാഹനങ്ങളിൽനിന്ന് മാസ്‌കുകൾ റോഡരികിൽ വലിച്ചെറിഞ്ഞാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് വാഹന ഉടമയ്‌ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. നിരീക്ഷണത്തിന് ആരോഗ്യപ്രവർത്തകരെയും വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്.