കാസർകോട്: ഹവാല ഇടപാടുകാർ തമ്മിൽ നടക്കുന്ന കുടിപ്പകയുടെ ഭാഗമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലും ബൈക്കിലുമെത്തിയ സംഘം അക്രമിച്ച് 20 ലക്ഷം രൂപ കവർന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ മേൽപറമ്പ് കട്ടക്കാലിലാണ് സംഭവം. കാസർകോട് നഗരത്തിൽ ഐസ്പാ ബ്യുട്ടി പാർലർ നടത്തുന്ന ജീലാനി എന്നയാൾ പള്ളിക്കര പൂച്ചക്കാട്ടെ ഉബൈദ് എന്നയാൾക്ക് കൊടുക്കാനായി കൊണ്ടുപോവുകയായിരുന്ന പണമാണ് തട്ടിയെടുത്തത്.

പട്‌ള സ്വദേശി അബൂബക്കറാണ് പണവുമായി ബൈക്കിൽ പോയത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഫാൻസി കട നടത്തുന്ന അബൂബക്കർ ജീലാനിയുടെ പിതാവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ആ ബന്ധമാണ് ജീലാനിയും അബൂബക്കറും തമ്മിലുള്ളതെന്ന് പറയുന്നു. ഇതേ തുടർന്നാണ് പണം കൊടുത്തയച്ചത്.

കാസർകോട് നിന്ന് പണവുമായി വരുന്ന വഴി ഒരുമിച്ചു ജോലി ചെയ്യുന്ന സുഹൃത്തിന്റെ വീട്ടിൽ മരുന്ന് നല്കാൻ കയറിയിരുന്നതായി അബൂബക്കർ പൊലീസിനോട് പറഞ്ഞു. ഒരാഴ്ച മുമ്പ് 18 ലക്ഷം രൂപയുമായി ബദിയടുക്ക സ്വദേശി സി എ അബ്ദുല്ല എന്ന യുവാവിനെ ബേക്കൽ പൊലീസ് പിടികൂടിയിരുന്നു. ഈ വിവരം പൊലീസിന് ഒറ്റിക്കൊടുത്തത് കാസർകോട്ടെ ഹവാല സംഘമാണെന്നാണ് സംശയം. ഇതിനു പ്രതികാരമായാണ് ബുധനാഴ്ച പൂച്ചക്കാട്ടേക്ക് പോവുകയായിരുന്ന യുവാവിനെ പിന്തുടർന്ന് അക്രമിച്ച് പണം കവർന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ മേൽപറമ്പ് എസ്. ഐ. പ്രശാന്തും സംഘവും പരിശോധിച്ച് വരികയാണ്. കട്ടക്കാൽ കൾവർട്ടിന് സമീപം കാറിലും ബൈക്കിലും കാത്തിരുന്ന സംഘം പണവുമായി യുവാവ് എത്തിയപ്പോൾ വളഞ്ഞു പിടിച്ചു ബാഗ് തട്ടിപ്പറിച്ചു കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചുപോകുന്ന ദൃശ്യം സി സി ടി വി യിലുണ്ട്.


മേൽപറമ്പ് പൊലീസിന് ലഭിച്ച പണം തട്ടിപ്പറിച്ച സംഭവമുള്ള സി സി ടി വി ദൃശ്യം