കാസർകോട്: കാസർകോട് നഗരസഭയുടെ അഞ്ചാമത് ബഡ്ജറ്റ് വൈസ് ചെയർമാൻ എൽ എ മഹ് മൂദ് അവതരിപ്പിച്ചു. അടിസ്ഥാന മേഖലയ്‌ക്ക് ഊന്നൽ നൽകിയാണ് ബഡ്ജറ്റ് അവതരണം. മാലിന്യം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി കൽപറ്റ മോഡൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നഗരത്തിൽ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കെ.പി.ആർ റാവു റോഡിന്റെ നിർമാണം ബി.എം. ബി. സി രീതിയിൽ സമയബന്ധിതമായി പൂർത്തീകരിച്ചു. നായക്‌സ് റോഡ് സൈഡും കവറിംഗ് സ്ലാബും ഓട, ഫുട്പാത്ത് നിർമ്മാണവും അവസാന ഘട്ടത്തിലാണ്. കൊപ്പൽ എസ്‌സി കോളനി നടപ്പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പുതിയ മുനിസിപ്പൽ ഷോപ്പിംഗ് കെട്ടിടത്തിന്റെ ഡി.പി.ആർ പൂർത്തീകരിച്ചിട്ടുണ്ട്.

നഗരസഭ ടൗൺഹാൾ നവീകരണം, അംഗൺവാടി കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ, സന്ധ്യാരാഗം റൂഫ് നിർമ്മാണം, ഫിഷ് മാർക്കറ്റ് മേൽക്കൂര, ഫിഷ്‌മാർക്കറ്റ് റോഡ് നിർമ്മാണം, തെരുവ് കച്ചവടക്കാരുടെ കെട്ടിടനിർമാണം എന്നിവ ആരംഭഘട്ടത്തിലാണ്. എംപി ഫണ്ടിൽ നിന്ന് ഗാന്ധി പ്രതിമ നിർമ്മിക്കാൻ സ്ഥലം കണ്ടെത്തും. വയോമിത്രം പാലിയേറ്റീവ് കെയർ, ബഡ്‌സ് സ്‌കൂൾ എന്നിവയ്‌ക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് പെല്ലറ്റ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പ്ലാസ്റ്റിക്കിന്റെ ബദൽ സംവിധാനത്തിന്റെ ഭാഗമായി തുണി സഞ്ചി യൂണിറ്റുകൾ ആരംഭിക്കുന്നതിന് നടപടികൾ ആരംഭിച്ചു.

ചെന്നിക്കര ശ്മശാനം, ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനം നടന്നുവരുന്നു.

തൊഴിൽ, കുടുംബശ്രീ

നഗരത്തിൽ 38 എഡിഎസ്‌കളും ഒരു സിഡിഎസും പ്രവർത്തിച്ചു വരുന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സിറ്റി ലൈവ്‌ലി ഹുഡ് സെന്റർ ആരംഭിക്കും. സമ്പൂർണ്ണ പെൻഷൻ ദായക മുനിസിപ്പാലിറ്റിയായി മാറ്റും. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പ്, ചലനോപകരണങ്ങൾ എന്നിവയും നടപ്പിലാക്കും. ബഡ്‌സ് സ്‌കൂൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിലവിലെ പ്രവർത്തനം മാറ്റി ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. അംങ്കൺവാടി കെട്ടിടങ്ങൾക്ക് വൈദ്യുതീകരണം, കുടിവെള്ളം എന്നിവ വരും വർഷം പൂർത്തീകരിക്കും. അംഗൺവാടികൾക്ക് ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങൾ നൽകും. ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലേറ്റുകൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രവർത്തനം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആരംഭിച്ചു. കൂടുതൽ തുണി സഞ്ചി യൂണിറ്റുകൾ ആരംഭിക്കും. അതിന് മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അടുക്കത്ത്ബയൽ യു.പി. സ്‌കൂൾ കെട്ടിടനിർമ്മാണത്തിന് 15 ലക്ഷം രൂപ വകയിരുത്തി.


കാസർകോട് നഗരസഭയുടെ ബഡ്ജറ്റ് അവതരിപ്പിക്കാൻ കൗൺസിൽ ഹാളിലേക്ക് കയറുന്നതിന് മുമ്പ് കവാടത്തിൽ വെച്ച് സാനിറ്റൈസർ കൊണ്ട് കൈ കഴുകി മാസ്‌ക്ക് ധരിക്കുന്ന നഗരസഭാ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയർമാൻ എൽ എ മഹ്മൂദ് , നഗരസഭ സെക്രട്ടറി ബിജു എന്നിവരും കൗൺസിലർമാരും :

കാർഷിക മേഖലയ്ക്ക് 64 ലക്ഷവും, വിദ്യാഭ്യാസ മേഖലയ്ക്ക് 69 ലക്ഷവും, ആരോഗ്യ മേഖലയ്ക്ക് 67 ലക്ഷവും, പാർപ്പിട മേഖലയ്ക്ക് രണ്ട് കോടിയും, കുടിവെള്ള വിതരണത്തിന് 81 ലക്ഷം രൂപയും നീക്കി വെച്ചാണ് അടിസ്ഥാന വികസനം ത്വരിതപ്പെടുത്തതിന് ബജറ്റിൽ പ്രഖ്യാപനമുള്ളത്. ശുചിത്വത്തിന് 90 ലക്ഷം രൂപയും, സാമൂഹ്യ ക്ഷേമത്തിന് 53 ലക്ഷം രൂപയും, ഊർജ വൈദ്യുതി വികസനത്തിന് 2.87 കോടി രൂപയും നീക്കിവെച്ചു. പശ്ചാത്തല മേഖലയ്ക്കും റോഡ് വികസനത്തിനും 3.70 കോടി രൂപയും, എസ് സി മേഖലയ്ക്ക് 49 ലക്ഷവും, എസ് ടി മേഖലയ്ക്ക് 4.32 ലക്ഷവും വനിതാ വികസനത്തിന് 72 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. 202021 സാമ്പത്തിക വർഷം മുൻനീക്കിയിരിപ്പ് അടക്കം 50,41,63,487 രൂപ വരവും 44,85,74,270 രൂപ ചിലവും അടങ്ങുന്ന ബജറ്റിൽ 5,55,89,217 രൂപ മിച്ചമുണ്ട്.

ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 1.41 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിക്ക് 65 ലക്ഷം രൂപ വകയിരുത്തി. വിശപ്പ് കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സഹായത്തോടെ 25 രൂപയ്ക്ക് ഭക്ഷണം നൽകുന്ന പദ്ധതി വരുന്ന വർഷം നട പ്പിലാക്കും.

പശ്ചാത്തല സൗകര്യങ്ങൾ മെച്ചെപ്പടുത്തുന്നതിനും 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

.തളങ്കര പടിഞ്ഞാർ പാർക്കിന് മുൻവശം വാഹനം പാർക്കിങ്ങിന് 20 ലക്ഷം രൂപ ചെലവിൽ ഇന്റർലോക്കിന്റെ പ്രവൃത്തി ആരംഭഘട്ടത്തിലാണ്. ഷീലോഡ്ജിന്റെ കെട്ടിടത്തിന്റെ തറക്കല്ലിടുകയും 35 ലക്ഷം രൂപയുടെ നിർമാണത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൽമാടി തോട് നവീകരണത്തിന്ന് 10 ലക്ഷം രൂപ വകയിരുത്തി