കണ്ണൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസിന്റെ മറവിൽ ബഡ്ജറ്റ് പാസാക്കാൻ യു .ഡി .എഫ് നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾക്കായി മുഖ്യമന്ത്രി സംസ്ഥാന വ്യാപകമായി വീഡിയോ കോൺഫറൻസിലൂടെ യോഗം നടത്തും.10.30 ന് നടക്കുന്ന യോഗത്തിന് ശേഷം ബഡ്ജറ്റ് നടത്തുവാനാണ് യു .ഡി .എഫിന്റെ നീക്കം.

അതേ സമയം ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി യോഗത്തിൽ ഇതിന്റെ എസ്റ്റിമേറ്റ് അവതരിപ്പിക്കണമെന്നതാണ് ചട്ടം. പക്ഷെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പരിഗണിക്കാത്ത കാര്യങ്ങൾ ബഡ് ജറ്റിൽ ഉൾപ്പെടുത്തിയെന്ന്‌ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഈ യോഗം നടത്തുന്നത് കഴിഞ്ഞ ദിവസം ഓംബുഡ്‌മാൻ തടഞ്ഞതായി ഉത്തരവ് വന്നിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് യു.ഡി.എഫിന്റെ ഈ നീക്കം. ബുധാനഴ്‌ചയാണ്‌ ബഡ്ജറ്റ്‌ അവതരിപ്പിക്കേണ്ടിയിരുന്നത്‌. ധനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡെപ്യൂട്ടി മേയർ പി .കെ .രാഗേഷ്‌ സ്വന്തം താൽപര്യപ്രകാരമുള്ള പദ്ധതികളും നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയെന്നാണ്‌ എൽ.ഡി.എഫ്‌ കൗൺസിലർ കെ .പി. സജിത്ത്‌ ഓംബുഡ്‌സ്‌മാന്‌ പരാതി നൽകിയത്‌. സ്‌റ്റാൻഡിoഗ് കമ്മിറ്റിയംഗം കൂടിയാണ്‌ സജിത്ത്‌. യോഗം പരിഗണിക്കാത്തതും തീരുമാനമെടുക്കാത്തതുമായ കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയതും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.

സ്‌റ്റാൻഡിoഗ് കമ്മിറ്റിയിൽ ചർച്ച ചെയ്‌ത്‌ തീരുമാനമെടുത്തശേഷം 31 നുള്ള ബഡ്ജറ്റ്‌ അവതരിപ്പിക്കാനാണ്‌ ഓംബുഡ്‌സ്‌മാന്റെ നിർദേശം. ഡെപ്യൂട്ടിമേയർക്കെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നത്‌ 20 നാണ്‌. അതിനുമുമ്പ്‌ ബഡ്ജറ്റ്‌ പാസാക്കാനായിരുന്നു യു.ഡി.എഫ്‌ നീക്കം. ഡെപ്യൂട്ടി മേയർക്കെതിരെ ലീഗും കലാപക്കൊടി ഉയർത്തിയിരുന്നു. ലീഗിനെ അനുനയിപ്പിക്കാനായി നേരത്തെ പള്ളിക്കുന്ന്‌ ബാങ്കിൽ നിന്ന്‌ പുറത്താക്കിയയാളെ തിരിച്ചെടുക്കാനും ധാരണയാക്കിയിരുന്നു. ലീഗ്‌ നേതാവായ ഇയാൾ കൗൺസിലറുടെ ഭർത്താവാണ്‌. എന്നാൽ ഇതും നടപ്പായിട്ടില്ല. മേയർ സ്ഥാനം ലീഗിന്‌ കൈമാറുന്നത്‌ മാർച്ച്‌ 31 വരെ നീട്ടിക്കൊണ്ടുപോയതും എല്ലാവർക്കും അംഗീകരിച്ചിട്ടില്ല.