നീലേശ്വരം: കോറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ സുസജ്ജമാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ അനുബന്ധ പരിപാടികൾ ലഘൂകരിക്കാനും ക്രമീകരിക്കുവാനും തീരുമാനിച്ചു. നഗരസഭയിൽ ചേർന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ നടക്കുന്ന മറുത്തു കളി, പൂരക്കളി എന്നിവ ആചാരചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തും. ഏതൊരു സാഹചര്യത്തിലും പരമാവധി 40ൽ താഴെ മാത്രം ആളുകൾ ഒത്തുചേരുന്ന വിധത്തിൽ ചടങ്ങുകൾ ക്രമീകരിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വി.ഗൗരി, എ.കെ. കുഞ്ഞികൃഷ്ണൻ, പി.പി. മുഹമ്മദ് റാഫി, എറുവാട്ട് മോഹനൻ, പി. ഭാർഗവി എന്നിവർ സംസാരിച്ചു.

നിരീക്ഷണത്തിലുള്ളവർക്ക് സ്നേഹ സൗകര്യം

കൊറോണ വൈറസ് പ്രതിരോധം വിലയിരുത്തുവാനും തുടർനടപടികൾ സ്വീകരിക്കുവാനും സർക്കാർ നിർദ്ദേശ പ്രകാരം ചേർന്ന നഗരസഭ യോഗത്തിൽ തീരുമാനിച്ചു.

രോഗബാധിത രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സ്നേഹ സൗകര്യങ്ങളും ആവശ്യമായ പരിചരണങ്ങളും നഗരസഭയുടെ ആഭിമുഖ്യത്തിൽ ഒരുക്കും. ആവശ്യമായ വീടുകളിൽ ഭക്ഷ്യവസ്തുക്കൾ, ഏകാന്തത ഒഴിവാക്കുന്നതിന് പുസ്തകങ്ങൾ, താലൂക്ക് ആശുപത്രിയുടെ സഹകരണത്തേടെ ആവശ്യമായ കൗൺസിലിംഗ് എന്നീ സൗകര്യങ്ങൾ ഒരുക്കുവാനും തീരുമാനമായി. യോഗത്തിൽ നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, ടി. കുഞ്ഞിക്കണ്ണൻ, വി.ഗൗരി, എറുവാട്ട് മോഹനൻ എന്നിവർ സംബന്ധിച്ചു..