കാഞ്ഞങ്ങാട്: കൊറോണ വൈറസ് വ്യാപനത്തിനിടെ ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തങ്ങളുടെ ആശങ്ക പങ്കിട്ടു. എന്നാൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ചെയർമാൻ വി.വി രമേശൻ മറുപടി നൽകി.
വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ വരുന്നുണ്ടെന്നും അവർ നേരെ അവരവരുടെ വീടുകളിലേക്കാണ് വരുന്നതെന്നും കൗൺസിലർമാർ പറഞ്ഞു. ബുധനാഴ്ച രാത്രി ഒരാൾ കണ്ണൂർ വിമാനത്താവളത്തിലിറങ്ങി നേരെ വീട്ടിലേക്ക് വരികയായിരുന്നുവെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജാഫറാണ് പറഞ്ഞത്. ദക്ഷിണ കൊറിയയിൽ നിന്നും ഒരാൾ വന്നിട്ടുണ്ടെന്ന് കൗൺസിലർ എച്ച്. റംഷീദ് പറഞ്ഞു. ട്രെയിനുകളിലെ ആരോഗ്യ സംഘത്തിന്റെ പരിശോധന പനിയുണ്ടൊ ചുമയുണ്ടോ എന്ന് ചോദിക്കുന്നതിൽ ഒതുങ്ങുന്നുവെന്ന് കൗൺസിലർ അസിനാർ കല്ലൂരാവിയും ചൂണ്ടിക്കാട്ടി. മുങ്ങി നടക്കുന്നവരെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടണമെന്ന് കൗൺസിലർ അബ്ദുൾ റസാഖ് തായലക്കണ്ടി പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന്റെ മൂന്നാംഘട്ടമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വീഡിയോ കോൺഫറൻസിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ പ്രത്യേക കൗൺസിൽ യോഗം ചേർന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.പി മനോജ് ക്ലാസ്സെടുത്തു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വീഡിയോ കോൺഫറൻസിലൂടെ നൽകിയ നിർദേശങ്ങൾ കൗൺസിൽ യോഗത്തിനു മുന്നിൽ വലിയ സ്‌ക്രീനിൽ കാണിച്ചു. ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, സാമൂഹ്യപ്രവർത്തകർ എന്നിവർക്കായി നഗരസഭയിൽ പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.