പയ്യന്നൂർ: നഗ്നനേത്രങ്ങൾ കൊണ്ട് ആകാശത്ത് ഗ്രഹങ്ങളുടെ വിസ്മയ കാഴ്ചകൾ കാണാൻ അവസരം.
ബുധൻ, ശുക്രൻ ,ചൊവ്വ, വ്യാഴം, ശനി ഗ്രഹങ്ങളെയാണ് നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി നിരീക്ഷിക്കുവാൻ കഴിയുന്നത്. മെയ് മാസം അവസാനം വരെ ആകാശത്ത് ഗ്രഹങ്ങളുടെ വിസ്മയ കാഴ്ചകൾ ദർശിക്കുവാൻ കഴിയുമെന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.
ആകാശത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സന്ധ്യാസമയത്ത്തിളങ്ങി നിൽക്കുന്ന ശുക്രനെ ഇപ്പോൾ മുതൽ മെയ് അവസാനം വരെ കാണാൻ സാധിക്കും. ഇതിന് ശേഷം കിഴക്കൻ ചക്രവാളത്തിലായിരിക്കും ശുക്രനെ കാണുക. ഇതിനിടയിൽ മാർച്ച് 28നും ഏപ്രിൽ 26നും ചന്ദ്രനും ശുക്രനും ഒരുമിച്ച് നിൽക്കുന്നതും കാണാൻ കഴിയും. ബുധൻ, ചൊവ്വ, വ്യാഴം, ശനി
എന്നീ ഗ്രഹങ്ങളെ ആകാശത്ത് കിഴക്ക് തെക്ക് ഭാഗത്ത് രാവിലെ നാല് മണി മുതൽ സൂര്യോദയം വരെ കാണാം. ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ വളരെ അടുത്തടുത്തായി ആകാശത്തിന്റെ കിഴക്ക് ഭാഗത്ത് രാവിലെ ഉണ്ടാകും.
ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ കാണുവാൻ പ്രയാസമാണെങ്കിലും മാർച്ച് 21, 22 തിയതികളിൽ ചന്ദ്രനോടൊപ്പം ബുധനെയും വ്യക്തമായി കാണുവാൻ കഴിയുമെന്ന് ഗംഗാധരൻ വെള്ളൂർ പറഞ്ഞു.