തളിപ്പറമ്പ് : കൊറോണ വൈറസ് ബാധയെ ചെറുക്കാനായി പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തി തളിപ്പറമ്പ് പൊലീസ് മാതൃക ആവുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനായി തളിപ്പറമ്പ് പൊലീസും ആരോഗ്യവകുപ്പും മുനിസിപ്പാലിറ്റിയും ചേർന്ന് പൊതു വാഹനങ്ങൾ അണുവിമുക്തമാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്

. തളിപ്പറമ്പ് ഡിവൈ. എസ്‌ .പി. ടി .കെ രത്നാകരന്റെയും ഇൻസ്‌പെക്ടർ എൻ .കെ സത്യനാഥന്റെയും നേതൃർത്വത്തിലാണ് ബസ് , ഓട്ടോറിക്ഷ, ടാക്സി മുതലായ പൊതു വാഹനങ്ങൾ ഓരോ ഇടവേളകളിലും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. അണുവിമുക്തമാക്കുന്നതിനൊപ്പം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഉൾപ്പെടെ വേണ്ട ബോധവത്ക്കരണവും നൽകുന്നുണ്ട് . ഒപ്പം പനിയോ മറ്റ് ലക്ഷണമോ ഉള്ള യാത്രക്കാരെ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള നിർദ്ദേശവും ഇവർക്ക് നൽകുന്നുണ്ട്. തളിപ്പറമ്പ് സബ് ഡിവിഷനിലെ പൊ ലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും അടങ്ങുന്ന സംഘം ദിനവും ഓരോ ബസ് സ്റ്റാൻഡിലും ടാക്സി സ്റ്റാൻഡിലും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. തളിപ്പറമ്പ് സർസെയ്ദ് കോളേജിലെ കെമസ്ട്രി ലാബിൽ നിർമ്മിച്ചെടുത്ത സാനിറ്റയിസറുകൾ ഉപയോഗപ്പെടുത്തിയാണ് അണുനശീകരണം നടത്തുന്നത്. കൂടാതെ തളിപ്പറമ്പ് സബ് ഡിവിഷനിലെ മുഴുവൻ പൊ ലീസുകാരും ചേർന്ന് വീടുകളിൽ എത്തി ബോധവത്ക്കരണവും നടത്തും .