കണ്ണൂർ:കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന, വീടുകളിൽ തനിച്ചു താമസിക്കുന്ന വൃദ്ധരെ സഹായിക്കാനായി ജനമൈത്രി പൊലീസ്. നിരീക്ഷണത്തിൽ കഴിയുന്നവരെ ചിലയിടങ്ങളിൽ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത്.. പുറത്തുപോയി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവാതെയും അത്യാവശ്യ സാധനങ്ങൾ, മരുന്നുകൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങിക്കാൻ സാധിക്കാതെയും ബുദ്ധിമുട്ടുന്ന വൃദ്ധർക്ക് ഇത് ഏറെ സഹായകമാകും.
25 പൊലീസ് സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരെയും, പബ്ലിക് റിലേഷൻ ഓഫീസർമാരെയും കമ്യൂണിറ്റി റിലേഷൻ ഓഫീസർമാരെയും ഇതിനായി നിയോഗിക്കും. ജനമൈത്രി ബീറ്റ് ഓഫീസർമാരെയും സി .ആർ. ഒമാരെയും ഇതിനായി ബന്ധപ്പെടാം. അവരുടെ സേവനം അതതു പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു നേടാവുന്നതാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ ആവശ്യങ്ങൾക്കൊന്നും തടസ്സം നേരിടാതെ നോക്കുക. നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നവർക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഉറപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകൾ ജനമൈത്രി പൊലീസ് ഉറപ്പാക്കും.