തൃക്കരിപ്പൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ പഞ്ചായത്തിലെ 21 വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും.

ബസ് സ്റ്റാൻഡിലും മറ്റും സ്ഥാപിച്ച വാഷിംഗ് കോർണറുകൾക്കു പുറമേ കൂടുതൽ സ്ഥലങ്ങളിൽ കൈകഴുകാൻ സൗകര്യമൊരുക്കും. പള്ളികളിലും ആരാധന കേന്ദ്രങ്ങളിലും കൊറോണ വ്യാപനം തടയുന്നതിനായി ജനങ്ങൾ തടിച്ചു കൂടുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. മുഴുവൻ പൊതുവിടങ്ങളിലും, വാർഡ് പ്രതിനിധികൾ, കുടുംബശ്രീ ,ആശാ വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ,രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ സംഘടിപ്പിച്ചു ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.പഞ്ചായത്ത് സെക്രട്ടറി പി.പി ഉഷ വാർഡുകളിലെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യും.

പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വി. പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഹാസ് കൊറോണയെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ , സ്ഥിരം സമിതി ചെയർമാന്മാരായ വി.കെ ബാവ, എ.ജി സറീന, കെ. റീത്ത, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ സംബന്ധിച്ചു.