തളിപ്പറമ്പ്:ഉത്പാദന മേഖലക്കും തദ്ദേശ സ്വയംഭരണ സ്ഥാപന തല ദുരന്ത നിവാരണത്തിനും ഊന്നൽ നൽകി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് വ്യവസായ എസ്റ്റേറ്റുകളിൽ കൂടുതൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും.

വൈസ് പ്രസിഡന്റ് വി. പി. ഗോവിന്ദനാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്. 49.68 കോടി രൂപ വരവും 49.04 കോടി രൂപ ചെലവും 64 ലക്ഷത്തി 42,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പദ്ധതി വിഹിതമായ 7 കോടി 46 ലക്ഷത്തി 51,000 രൂപയിൽ 38 ലക്ഷം രൂപ വൃദ്ധരുടെ ക്ഷേമത്തിനായി വകയിരുത്തി. 31 ലക്ഷത്തി 38,000 രൂപ ശിശുക്കൾക്കും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി നീക്കിവെച്ചു. ലൈഫ് ഭവനപദ്ധതിക്കായി 1.49 കോടി രൂപയും മെയിന്റനൻസ് ഗ്രാൻറ് നോൺ റോഡ് ഇനത്തിൽ 93.78 ലക്ഷം രൂപയും വകയിരുത്തി.

ഉത്പാദന മേഖലയിൽ നെൽകൃഷി വികസനത്തിന് 32 ലക്ഷം രൂപയും കാർഷിക യന്ത്രവത്കരണത്തിന് 12.32 ലക്ഷവും മണ്ണ് - ജല സംരക്ഷണ പ്രവൃത്തിക്കായി 29 ലക്ഷവും വകയിരുത്തി. ക്ഷീര വ്യവസായ വികസന പദ്ധതികൾക്കായി 41.5 ലക്ഷവും മാറ്റിവെച്ചു. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി സ്വയം തൊഴിൽ സംരംഭങ്ങൾ ഒരുക്കാൻ 43.5 ലക്ഷം രൂപ വകയിരുത്തി. ഗ്രാമീണ റോഡുകളുടെ വികസനത്തിന് 1.23 കോടിയും പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 18 ലക്ഷവും പട്ടിക വർഗ്ഗ കോളനികളിലെ വികസനത്തിന് 19 ലക്ഷവും നീക്കിവെച്ചു.

ബഡ്‌ജറ്റിൽ ഒരു മേഖലയിലും വികസനത്തിന് പര്യാപ്തമായ തുക നീക്കിവെച്ചിട്ടില്ലെന്ന് പ്രതിപക്ഷ അംഗമായ വി. എ. റഹിം വിമർശിച്ചു. സമൃദ്ധി പദ്ധതിക്ക് തുക വകയിരുത്താത്ത നടപടിയെ ഭരണകക്ഷിയിൽ ഉൾപ്പെട്ട പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷും വിമർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ജയ സുരേന്ദ്രൻ, സി. ജീജ, ജോസ് പറയൻ കുഴിയിൽ, ടി. സി. പ്രിയ, ജെസി ഷിജി, പി. രഞ്ജിത്ത് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.