പാനൂർ:മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി മൂന്നു കോടിയുടെ ഭരണാനുമതി ലഭിച്ചു. 202021 ബജറ്റിൽ അംഗീകാരം ലഭിച്ച മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാവുന്നതോടെ പാനൂർ നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതൊടെ സഫലമാവാൻ പോകുന്നത്. മണ്ഡലം എം.എൽ.എയും മന്ത്രിയുമായ കെ.കെ. ശൈലജയുടെ കൃത്യമായ ഇടപ്പെടലുകളാണ് പാനൂർ മിനി സിവിൽ സ്റ്റേഷന് ഭരണാനുമതി ലഭിക്കാൻ സഹായകരമായത്.
നിലവിൽ പാനൂർ പുത്തൂർ റോഡിൽ പ്രവർത്തിക്കുന്ന റജിസ്ട്രാർ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി അനുബന്ധമായി കിടക്കുന്ന ഭൂമി കൂടി ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കും. സബ്ബ് ട്രഷറി, റജിസ്ട്രാർ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഇതൊടെ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കും. ഭരണാനുമതി ലഭിച്ചതോടെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ഉടൻ തന്നെ കരാർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.