road-
Road

ചെറുപുഴ പയ്യന്നൂർ റോഡിൽ കുണ്ടംതടം ഭാഗത്ത് റോഡിലേയ്‌ക്ക് മണ്ണിടിഞ്ഞ ഭാഗം സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ.

ചെറുപുഴ: ചെറുപുഴ പയ്യന്നൂർ മെയിൻ റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ട കുണ്ടംതടം ഭാഗത്ത്‌ മണ്ണ് നീക്കാനുള്ള നടപടികൾ തുടങ്ങി. മണ്ണ് നീക്കി സംരക്ഷണ ഭിത്തി കെട്ടാൻ 25 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ആഗസ്റ്റിലെ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസപ്പെട്ടത്. റോഡിൻ്റെ തിട്ടിലിന് മുകളിലുള്ള ബേബി തോമസ് വില്ലന്താനം, റോയി കൊച്ചുപറമ്പിൽ, സജീവൻ എന്നിവരുടെ വീടുകളും 110 കെവി വൈദ്യുതി ടവറും അപകട ഭീഷണിയിലാവുകയും ചെയ്തു.

പഞ്ചായത്ത് അധികൃതർ എംഎൽഎ യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മണ്ണ് നീക്കാനും സംരക്ഷണ ഭിത്തി കെട്ടാനും തുടങ്ങിയത്. മണ്ണ് നീക്കിയശേഷം 70 മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരത്തിലും കോൺക്രീറ്റ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് അറിയിച്ചു.