ജില്ലയിൽ 777 സ്ക്വാഡുകൾ
കാസർകോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനജാഗ്രതാ സമിതികൾ പുനരുജ്ജീവിപ്പിച്ച് പ്രവർത്തനം ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിച്ച്, ഇവരുടെ വിവരങ്ങൾ ജനജാഗ്രതാ സമിതിയെ അറിയിക്കണം.
ജാഗ്രതാ സമിതിയിൽ ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനമൈത്രി പൊലീസ് എന്നിവർ ഉണ്ടായിരിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പും സർക്കാറും നൽകുന്ന നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടെങ്കിൽ ഈ വിവരം കൊറോണ കൺട്രോൾ സെല്ലിൽ അറിയിക്കണം. വിദേശത്തുനിന്ന് വന്ന, വാർഡ് തല ജാഗ്രതാ സമിതികൾ നിർദ്ദേശിക്കുന്നവരെ, നിരീക്ഷണ കാലാവധി അവസാനിക്കുന്നതുവരെ പ്രത്യേകം സജ്ജീകരിച്ച കൊറോണ കെയർ സെന്റർ എന്ന പുതിയ സംവിധാനത്തിൽ പ്രത്യേകം നിരീക്ഷിക്കാൻ തീരുമാനിച്ചു. ഈ കേന്ദ്രങ്ങളിൽ ശക്തമായ പൊലീസ് ബന്തവസ് ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിൽ നടന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാമദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി മനോജ്, എ.ഡി.എം എൻ. ദേവീദാസ് എന്നിവർ പങ്കെടുത്തു.
രണ്ട് സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കും
കൊറോണ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യമെർപ്പെടുത്താൻ ജില്ലാതല അവലോകന സമിതി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. ലക്ഷ്മി മേഘൻ ആശുപത്രിയും അരമന ആശുപത്രിയുടെ ഒരു ബ്ലോക്കും ഇതിനായി ഏറ്റെടുക്കും. വിദേശത്തു നിന്ന് വന്ന രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ പാർപ്പിക്കുന്നതിന് കാസർകോട് ജനറൽ ആശുപത്രിക്ക് സമീപമുള്ള കാസർകോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളൂം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബല്ലാ ഗവ ഹയർസെക്കണ്ടറി സ്‌കൂളൂം ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ആരാധാനാലയങ്ങൾ
പൊലീസ് നിരീക്ഷണത്തിൽ
ഉത്സവങ്ങളിലും ആരാധനാലയങ്ങളിലും ജില്ലാ കളക്ടറുടെ ഉത്തരവിൽ നിഷ്‌കർഷിച്ച അൻപതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.