കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച പ്രവാസി കാസർകോട് താലൂക്കിൽ നിന്നുള്ള 47 വയസ്സുള്ളയാളാണെന്ന് ഔദ്യോഗിക വിശദീകരണം. ഈ മാസം 11ന് പുലർച്ചെ 2 30 ന് ദുബൈയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരിച്ച് രാവിലെ എട്ടുമണിക്ക് എത്തിയ അദ്ദേഹം ഈ മാസം 17 ന് കാസർകോട് ജനറൽ ആശുപത്രിയിൽ ഹാജരായി കൊറോണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തു.

തുടർന്ന് അദ്ദേഹത്തിന്റെ രക്ത സാമ്പിൾ എടുക്കുകയും തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ഇന്നലെ ലഭിച്ചപ്പോൾ ആണ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡിഎംഒ ഡോക്ടർ ഏ. വി രാംദാസ് അറിയിച്ചു. 12 മുതലുള്ള ഇദ്ദേഹത്തിൻറെ സഞ്ചാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ് .അത് പിന്നീട് അറിയിക്കുമെന്നാണ് ഡി. എം .ഒ പറഞ്ഞത്.