പാനൂർ:സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച അദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി. എം തൃപ്രങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 10 വയസ്സ് മാത്രം പ്രായമായ കുട്ടിയെ മൂന്നോളം തവണ ക്രൂരമായി പീഡിപ്പിച്ച ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എൻടിയു വിന്റെ ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ 45)നെ അന്വേഷണം ഊർജിതമാക്കി ഉടൻ അറസ്റ്റു ചെയ്യണം. മുമ്പും പ്രതിയെ കുറിച്ച് സമാനമായ രീതിയിലുള്ള പരാതിവന്നിരുന്നു. അതൊക്കെ സ്‌കൂൾ മാനേജ്‌മെന്റ് ഇടപ്പെട്ടു ഒതുക്കി തീർക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ മുൻകാല സംഭവങ്ങളെ കൂടി ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണത്തിന് പോലീസ് തയ്യാറാവണമെന്നും ലോക്കൽ സെക്രട്ടറി വി.പി. നാണു ആവശ്യപ്പെട്ടു.
ഗൾഫുകാരുടെ മുങ്ങൽ: പൊലീസിന് തലവേദനയായി
തലശ്ശേരി:ഗൾഫിൽ നിന്നും വന്ന വടക്കുമ്പാട് സ്വദേശികളായ രണ്ട് യുവാക്കൾ നിരീക്ഷണ കാലയളവിൽ വീട്ടിലിരിക്കാതെ ബന്ധുവീടുകളിലും മറ്റും കറങ്ങിയത് പൊലീസിന് തലവേദനയായി. 14 ദിവസം പുറത്ത് പോവാതെ വീട്ടിൽ തന്നെ കഴിയണമെന്ന് നിർദ്ദേശിച്ച് വിമാനത്താവളത്തിൽ നിന്നും ആരോഗ്യ വകുപ്പും നിയമപാലകരും പുറത്ത് വിട്ട 19ളം 22 ഉം പ്രായമുള്ള യുവാക്കളാണ് വടക്കുമ്പാട്ടെ വീട്ടിലെത്തി പുറത്തിറങ്ങിപ്പോയത്. ഇത് സംബന്ധിച്ച് ധർമ്മടം എസ്.ഐ.വി.കെ.പ്രകാശന്റെ നേതൃത്വത്തിൽ ഇരുവരെയും കണ്ടെത്താൻ അന്വേഷണം തുടങ്ങി.നാട്ടുകാരോടും ബന്ധുവീടുകളിലും തിരക്കിയെങ്കിലും ഇന്നലെ രാത്രി വരെ കണ്ടെത്താനായില്ല.അന്വേഷണം തുടരുകയാണെന്ന് എസ്.ഐ. പറഞ്ഞു. നേരത്തെ ഉമ്രക്ക് പോയി കോവിഡ് ബാധിതയായി തിരിച്ചു വന്ന മാഹിയിലെ വയോധികയായ വീട്ടമ്മ സഞ്ചരിച്ച വഴികളിലൂടെ മുന്നറിയിപ്പുകളുമായി പോയ തലശ്ശേരി പൊലീസിന്റെ നടപടിക്ക് പിറകെയാണ്ധർമ്മടം പൊലീസിനും സമാന തലവേദന വന്നുപെട്ടത്.
അന്നദാനം നിർത്തിവച്ചു
ഇരിട്ടി : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അധികൃതരുടെ നിർദ്ദേശങ്ങൾ മാനിച്ച് ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ നടത്തി വരാറുള്ള അന്നദാനം , അക്ഷരശ്ലോക സദസ്സ് തുടങ്ങിയ ചടങ്ങുകൾ ഇനിയൊരു അറിയിപ്പ് വരെ നിർത്തിവെച്ചതായി ക്ഷേത്ര സമിതി ഭാരവാഹികൾ അറിയിച്ചു. എന്നാൽ നിത്യപൂജകൾ മുടക്കമില്ലാതെ തുടരും.
സബ് ജയിലിൽ സന്ദർശന നിയന്ത്രണം
തലശ്ശേരി:കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലെ സ്‌പെഷൽ സബ്ബ് ജയിലിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി.ബന്ധപ്പെട്ട അഭിഭാഷകരെയും അടുത്ത ബന്ധുക്കളെയും മാത്രമെ അകത്തേക്ക് കയറ്റി വിടുകയുള്ളൂ. ജയിൽ കോമ്പൌണ്ടിലേക്ക് പ്രവേശിക്കുന്നവർക്ക് മാസ്‌ക് നിർബ്ബന്ധമാക്കി. ഇതിനായി ജയിൽ കവാടത്തിൽ തന്നെ രണ്ട് തയ്യൽ മെഷീൻ സജ്ജീകരിച്ച് മാസ്‌ക് തയ്‌ക്കുന്നുണ്ട്.