കണ്ണൂർ: കോർപറേഷനിൽ യു.ഡി.എഫിനുണ്ടായിരുന്ന ഒറ്റവോട്ടിന്റെ മേൽക്കൈ നഷ്ടപ്പെട്ട് ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി.
മുസ്ലിം ലീഗ് അംഗം കെ.പി.എ സലീം യു.ഡി.എഫ് വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്.
മേയറടക്കം നാല് യു.ഡി.എഫ് അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 55 അംഗ കൗൺസിലിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയിരുന്നത്. കഴിഞ്ഞ രണ്ടു മാസമായി കെ.പി.എ സലീം ഒളിവിലായിരുന്നു. സലീം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യു.ഡി.എഫ് നൽകിയ വിപ്പ് സലീം സ്വീകരിച്ചിരുന്നില്ല.
നേരത്തെ എൽ.ഡി.എഫിനൊപ്പം നിന്ന് ഡെപ്യൂട്ടി മേയറായിരുന്ന പി.കെ.രാഗേഷ് ആറുമാസം മുമ്പാണ് യു.ഡി.എഫിനൊപ്പം ചേർന്ന് എൽ.ഡി.എഫ് ഭരണത്തെ അട്ടിമറിച്ചത്. ഇരുമുന്നണികൾക്കും 27 വീതം കൗൺസിലർമാരുണ്ടായിരുന്ന കണ്ണൂരിൽ യു.ഡി.എഫ് വിമതനായി മത്സരിച്ച പി.കെ.രാഗേഷ് തന്റെ സ്ഥാനം നിലനിർത്തി മേയറായിരുന്ന സി.പി.എമ്മിലെ ഇ.പി.ലതയെ അവിശ്വാസത്തിലൂടെ പുറത്താക്കി കോൺഗ്രസിലെ സുമ ബാലകൃഷ്ണന് മേയറാകാൻ അവസരമുണ്ടാക്കുകയായിരുന്നു.