കൂത്തുപറമ്പ്:കൂത്തുപറമ്പിൽ എത്തിയ വിദേശ സഞ്ചാരിയേയും ഹിമാചൽ പ്രദേശുകാരനേയും കൊറോണ മുൻകരുതലിന്റെ ഭാഗമായി മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷം പൊലീസ് തിരിച്ചയച്ചു. ഇസ്രയേൽ സ്വദേശിയായ യലോസ് യൂറി, ഹിമാചൽ പ്രദേശിലെ മണാലി സ്വദേശി തപൻ ഗൗരവ് താക്കൂർ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് തിരിച്ചയച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ബൈക്കുകളിൽ സഞ്ചരിക്കുകയായിരുന്ന വിദേശി ഉൾപ്പെടെയുള്ള രണ്ട് പേർ കൂത്തുപറമ്പിൽ എത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാലത്തുങ്കരയിൽ വച്ച് പൊലീസ് ബൈക്കുകൾ തടയുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് കൂത്തുപറമ്പ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു, ജെ.എച്ച്.ഐ.ബാബു പനക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയരാക്കി.

ഈ മാസം 10ന് ഹിമാചൽ പ്രദേശിലെ സിംലയിലെത്തിയ വിദേശ സഞ്ചാരി ബുള്ളറ്റിലാണ് ഭാരത പര്യടനത്തിനിറങ്ങിയത്.വെള്ളിയാഴ്ച രാവിലെ കുടകിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയാണ് ഇരുവരെയും കൂത്തുപറമ്പിൽ പരിശോധനനക്ക് വിധേയരാക്കിയത്. ഇരുവരെയും കൂർഗിൽ തിരികെ എത്തിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കയാണ് ആരോഗ്യ വകുപ്പ് അധികൃതർ.

(Photo പൊലീസ് തിരിച്ചയച്ച വിദേശ സഞ്ചാരി)