കാസർകോട് : കൊറോണ തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളിൽ അൻപതിലേറെ ആളുകൾ സമ്മേളിക്കുന്നത് നിലവിലുള്ള ഉത്തരവിൻ്റെ ലംഘനമാണെന്നും നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
ചില ആരാധനാകേന്ദ്രങ്ങളിൽ അൻപതിലധികം ആളുകൾ സമ്മേളിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ആരാധനാ കേന്ദ്രങ്ങളിലെ മതപുരോഹിതർക്കെതിരെ കേസെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു. കോർ കമ്മിറ്റി യോഗത്തിൽ കളക്ടർ ഡോ.ഡി.സജിത് ബാബു, പൊലീസ് മേധാവി പി.എസ്.സാബു കോർ കമ്മിറ്റി അംഗങ്ങളായഎ ഡി എം എൻ ദേവീദാസ് , ഡി എം ഒ ഡോ.എ.വി രാംദാസ്, ഡപ്യൂട്ടി ഡി എം ഒ ഡോ.എ.ടി മനോജ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വിമൻ എന്നിവരും സംസാരിച്ചു. ജി എസ് ടി ജോയിൻ്റ് കമ്മീഷണർ പി.മധു, ആർ ടി ഒ എസ് മനോജ്, ഫിനാൻസ് ഓഫീസർ കെ.സതീശൻ എന്നിവരും സംബന്ധിച്ചു