കാസർ‌കോട്: കൊറോണ സ്ഥിരീകരിച്ച കാസർകോട് താലൂക്കിലെ എരിയാൽ സ്വദേശിയായ 47 കാരന്റെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ശ്രമകരം. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ ഇയാൾ പലസ്ഥലങ്ങളിലും കറങ്ങി നടന്നതായി ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചു. കല്യാണ വീടുകൾ, ഉത്സവ സ്ഥലങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവയിലെല്ലാം കാസർകോട് സ്വദേശി പങ്കെടുത്തിട്ടുണ്ട്.

എം.എൽ.എമാരായ എൻ .എ. നെല്ലിക്കുന്ന്, എം. സി. ഖമറുദ്ദീൻ എന്നിവർ നിരീക്ഷണത്തിൽ ആകാൻ കാരണമായതും കൊറോണ ഈയാളുടെ സമ്പർക്കമാണ്. ഇദ്ദേഹത്തിന് രോഗം സ്വീകരിച്ചതോടെ കല്യാണ സ്ഥലങ്ങളിൽ അടക്കം സമ്പർക്കത്തിൽ ആയവർ പരിഭ്രാന്തിയിലാണ്. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ജില്ലാകളക്ടർ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

ദുബായിൽ നിന്ന് നാട്ടിലെത്തി കാസർകോട് ജനറൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുള്ള 5 ദിവസം ഇയാൾ എവിടെയൊക്കെ പോയി എന്നത് കണ്ടെത്താനാണ് ശ്രമം. ഇത്രയും ദിവസത്തിനുള്ളിൽ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സ‍ഞ്ചരിച്ചുവെന്നതിനെക്കുറിച്ച് അറിയുന്നതിനായി ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.

ഈ മാസം 17 നാണ് ഈയാൾ ആശുപത്രിയിൽ പോയി പരിശോധന നടത്തിയത്. 11ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തി ഒരു ദിവസം അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെയാണ് തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസിലെ എസ് 9 റിസർവേഷൻ കംപാർട്ട്മെന്റിലാണ് ഈയാൾ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്.

11ന് രാവിലെ മുതൽ ഭക്ഷണം കഴിച്ച ഹോട്ടലുകൾ, താമസിച്ച ലോഡ്ജ്, റെയിൽവേ സ്റ്റേഷൻ, ട്രെയിനിലെ എസ് 9 കമ്പാർട്ടമെന്റ്, കാസർകോട് റെയിൽവേ സ്റ്റേഷൻ, അവിടെ നിന്നു വീട്ടിലേക്ക് പോയ വാഹനം എന്നിവയും തുടർന്ന് 17ന് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായ ദിവസം വരെയുള്ള പോക്കുവരുവുകളെ സംബന്ധിച്ചുള്ള വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കണം. ഗൾഫിൽ നിന്നെത്തിയ ദിവസം മുതൽ രോഗം സ്ഥിരീകരിക്കുന്നതുവരെ രോഗി ബന്ധപ്പെട്ടവരുടെയെല്ലാം വിവരങ്ങൾ ശേഖരിക്കണം. നാട്ടിൽ എത്തിയ ശേഷം പലയിടത്തും ഈയാൾ കറങ്ങിനടക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങൾക്കുള്ളിൽ എത്ര പേർക്കു രോഗം പകർന്നിരിക്കാം എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.