നീലേശ്വരം: രാജാറോഡ് റെയിൽവെ മേല്പാലത്തിന് താഴെ റോഡ് അറ്റകുറ്റപ്പണി ചെയ്ത് നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം നടപ്പിലായില്ല. ഇവിടെ റെയിൽവെ സ്റ്റേഷനിലേക്കും രാജാസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ മെയിൻ കവാടത്തിലേക്ക് പോകുന്ന വഴിക്കും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് വഴിവച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് ഇവിടെ റോഡ് അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത്.

ഇതനുസരിച്ച് ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള സ്ഥലത്തുതന്നെ നിർത്തിയിടാനും ഇരു ചകവാഹനങ്ങൾക്ക് റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിടാനുമായിരുന്നു തീരുമാനം. കാറുകൾ ഇവിടെ നിർത്തിയിടുന്നത് ഒഴിവാക്കാനും ധാരണയായിരുന്നു. അതു പോലെ തട്ടുകടകളും പഴം വില്ലനയും നിരോധിച്ചിരുന്നു. പൊലീസിന്റെ നോ പാർക്കിംഗ് ബോർഡ് വെക്കാനും തീരുമാനമുണ്ടായിരുന്നു. എന്നാൽ എല്ലാ തീരുമാനങ്ങളും കാറ്റിൽ പറത്തി ഇരുചക്രവാഹന പാർക്കിംഗും കാറുകൾ നിർത്തിയിടുന്നതും വീണ്ടും തുടങ്ങിയിരിക്കുകയാണ്.

പ്രയാസം അനുഭവിക്കുന്നത് ഇവർ

റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കവാടത്തിലേക്ക് പോകുന്ന വാഹനങ്ങൾക്കും ബസ് സ്റ്റാൻഡിൽ ഇറങ്ങി മന്നൻപുറത്ത് കാവിലേക്കും റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ടവരുമാണ് ഇവിടത്തെ അനധികൃത പാർക്കിംഗ് മൂലം പ്രയാസം അനുഭവിക്കുന്നത്


ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇതിന് പരിഹാരം കാണും

നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ