കാഞ്ഞങ്ങാട്: ജനകീയ ഡോക്ടർ എൻ.പി. രാജന്റെ വിയോഗം മൂലം നഷ്ടപ്പെടുന്നത് സാന്ത്വന ചികിത്സകനെ. പാലിയേറ്റീവ് കെയർ ജില്ലാ മെഡിക്കൽ ഓഫീസറായി 2008ലാണ് പാലിയേറ്റീവ് കെയർ രംഗത്തേക്ക് വരുന്നത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കിടപ്പിലായ നിരവധി രോഗികൾക്ക് ദൈവതുല്യനായിരുന്നു ഡോ. രാജൻ. 2010 ൽ കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയർ രൂപീകരിച്ചതിനു ശേഷം കാൻസർ രോഗികൾക്ക് വേണ്ടിയാണ് കൂടുതൽ സമയം ചിലവഴിച്ചത്. തന്റെ മുമ്പിലെത്തുന്ന ഓരോ രോഗിയേയും നിറചിരിയോടെ സ്വീകരിക്കുകയും നന്നായി സംസാരിക്കുകയും അതിലൂടെ വേദനയിൽ ഉള്ള രോഗിക്ക് ആശ്വാസം നൽകാനും രാജന് കഴിഞ്ഞിരുന്നു.
സ്‌നേഹപൂർണ്ണമായ പരിചരണത്തോടെ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടാൻ ഡോക്ടർക്ക് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ എന്ന നിലയിൽ ഉന്നതനിലവാരം കാത്തുസൂക്ഷിക്കുകയും എല്ലാവരെയും സ്‌നേഹത്തോടെ മാത്രം കാണുകയും ചെയ്ത വ്യക്തിത്വത്തിന് ഉടമയാണ് ഡോ. രാജൻ. കൊവ്വൽപള്ളിയിലെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പുഷ്പചക്രം അർപ്പിച്ചു. വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം പയ്യന്നൂർ കാനായിയിലെ തറവാട്ട് വീട്ടിൽ കൊണ്ടുപോയത്.