പഴയങ്ങാടി:കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നിർദേശിച്ച മാർഗ്ഗരേഖ പാലിക്കാതെ നിരീക്ഷണത്തിലുള്ളവർ കറങ്ങി നടക്കുന്നത് പൊലീസിനെയും ആരോഗ്യ വകുപ്പ് ഉദയഗസ്ഥരെയും ഒരു പോലെ വട്ടം കറക്കുന്നു.മാട്ടൂൽ,മാടായി പഞ്ചയത്തുകളിൽ ഈ മാസം ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ നടക്കുന്നത്.
പതിനാല് ദിവസമെങ്കിലും പുറത്ത് പോകാതെ വീട്ടിൽ തന്നെ കഴിയണമെന്ന നിർദേശമാണ് ഇവർ ലംഘിക്കുന്നത്.പൊതു ഇടങ്ങളിലും ബന്ധുവീടുകളിലും ഇവരിൽ പലരും നിർബാധം സന്ദർശനം നടത്തുന്നു.കൂടാതെ പള്ളികളിൽ പ്രാർത്ഥനക്കായും എത്തുന്നുണ്ട് എന്നാണ് അറിയുന്നത്.വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ അടുത്തുള്ള ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന അറിയിപ്പുണ്ടങ്കിലും പലരും ഇതും പാലിക്കുന്നില്ല.പലരെ കുറിച്ചും പൊലീസിനും ആരോഗ്യ വകുപ്പിനും വിവരം നൽകുന്നത് ആകട്ടെ നാട്ടുകാരാണ്.പൊലീസും ആരോഗ്യവകുപ്പും ഫോണിലൂടയും നേരിട്ടും ഇവർക്ക് നിർദേശം നല്കിയിട്ടുണ്ടങ്കിലും ഇവരിൽ പലരും അത് പാലിക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും ആരോഗ്യവകുപ്പും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വൻദുരിതത്തിന് കളമൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.