ചെറുവത്തൂർ: പക്ഷിപ്പനി മൂലം നിരോധനമേർപ്പെടുത്തിയിട്ടും, കാസർകോട് ജില്ലയിലേക്ക് കർണാടകയിൽ നിന്നും വ്യാപകമായി കോഴികളെ കടത്തുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയാണ് കേരളത്തിലേക്ക് കോഴികളെ കടത്തുന്നത്. ഇത്തരത്തിൽ രോഗവാഹകരായ കോഴികളുമായി വെള്ളിയാഴ്ച്ച ഊടുവഴികൾ വഴി കടത്തുവാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക കോഴി കേരളത്തിലേക്ക് കൊണ്ടു വരുന്നത് നിർത്തിവെച്ചതായി കഴിഞ്ഞ ദിവസം കലക്ടർ ഡോ. ഡി സജിത്ത് ബാബു ഉത്തരവിട്ടിരുന്നു. എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോഴി കടത്താനുള്ള കർണാടക ലോബിയുടെയും ചുളുവിലക്ക് വാങ്ങാനുള്ള വ്യാപാരികളുടെയും നീക്കമാണ് നാട്ടുകാരും കോഴി കർഷകരും തടഞ്ഞത്.

ചെക്ക് പോസ്റ്റ് ഒഴിവാക്കി അംഗടിമുഗർ, പെർള, ആദൂർ തുടങ്ങിയ ഊടുവഴികളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെയും പൊലീസിന്റെയും ജാഗ്രതയിൽ ഇല്ലാതായത്. ഇവിടങ്ങളിൽ ജനം കാത്തുനിൽപ്പുണ്ടെന്നറിഞ്ഞ് കോഴിയുമായി ലോറികൾ തിരിച്ചുപോയി. കർണാടക കോഴിയെത്താത്തതിനാൽ ഇന്നലെ പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു.

ചെറുകിട കോഴി കർഷകർ

പ്രതീക്ഷയിൽ

ഇതോടെ ജില്ലയിലെ ചെറുകിട ഫാമുകളിലെ കോഴിക്ക് ഡിമാന്റ് വർദ്ധിക്കാനാണ് സാധ്യത. ഒരു കിലോ കോഴി ഉത്പാദനത്തിന് 60 രൂപ മുതൽ മുടക്കുന്ന ചെറുകിട കർഷകർ വിശ്വാസയോഗ്യമല്ലാത്ത കർണ്ണാടക കോഴിയുടെ ഒഴുക്കിനിടയിൽ പിടിച്ചു നിൽക്കാനാകാതെ വളരെ തുച്ഛമായ വിലക്കാണ് കഴിഞ്ഞയാഴ്ച വിൽപന നടത്തിയത്. കർണാടക കോഴി ചെറിയ വിലക്ക് വിറ്റു തീർക്കുന്നതിടയിൽ നടുവൊടിഞ്ഞ ജില്ലയിലെ കർഷകർക്ക് പുതിയ സാഹചര്യം പ്രതീക്ഷ നൽകുന്നു.

ജനങ്ങൾക്കിടയിൽ കോഴിയിറച്ചിയുടെ വിശ്വാസ്യത തകർക്കുന്ന അന്യ സംസ്ഥാന കോഴിക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തണം. ജില്ലയിലെ കോഴികർഷകരെ പ്രോത്സാഹിപ്പിക്കാൻ അധികൃതർ മുൻകൈ എടുക്കണം

ചെറുകിട കോഴി കർഷകർ.