കണ്ണൂർ : ക്രമസമാധാനപാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും പുറമെ കൊറോണ വ്യാപനത്തിനെതിരെയുള്ള കഠിനദൗത്യവുമായി രംഗത്താണ് പൊലീസ്. വൈറസിന്റെ സമൂഹ വ്യാപനം തടയാനും വീടുകളിൽ ഐസോലേഷനുകളിൽ കഴിയുന്നവർക്ക് താങ്ങായും എല്ലായിടത്തും പൊലീസുണ്ട്.
കൊറോണ വ്യാപനം തടയുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നത്. തനിച്ച് കഴിയുന്നവർക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ, മരുന്നുകൾ, പച്ചക്കറികൾ പലവ്യഞ്ജനങ്ങൾ എന്നിവയെല്ലാം പൊലീസ് എത്തിച്ചു നൽകുന്നുണ്ട്. എല്ലാ പൊലീസ് സ്‌റ്റേഷനിൽ നിന്നും അതത് സ്റ്റേഷൻ പരിധിക്കുള്ളിലെ വീടുകൾ സന്ദർശിച്ച് ആവശ്യങ്ങൾ നേരിട്ട് ചോദിച്ചറിയുന്നു. അതോടൊപ്പം ആരോഗ്യ വിവരങ്ങളും തിരക്കും. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കും. ഇതിനോടകം പൊലീസിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം വീടുകൾ സന്ദർശിച്ചു.
കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര പിണറായിൽ ഐസൊലേഷനിൽ കഴിയുന്നവരെ സന്ദർശിച്ച് വീടുകളിൽ കഴിയാൻ നിർദ്ദേശിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു. വീടുകൾക്ക് പുറമെ റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, ബസ്, ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാന്റുകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയും ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവത്ക്കരണവും പൊലീസ് സേന നൽകുന്നുണ്ട്.
കോവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ 14 ദിവസം വീടുകളിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചു പുറത്തിറങ്ങി നടക്കുന്നവരെ പിടികൂടാനും പൊലീസ് ജാഗരൂകരാണ്. പിടികൂടുന്നവർക്ക് ബോധവൽക്കരണം നൽകി വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിക്കുകയാണ്. ആൾക്കൂട്ടങ്ങൾ ശ്രദ്ധയിൽപെട്ടാൽ അനൗൺസ്‌മെന്റ് നടത്തി ആളുകളോട് അകലം പാലിക്കണമെന്നതടക്കമുള്ള നിർദേശങ്ങളും നൽകി വരുന്നുണ്ട്. ഹാൻഡ് സാനിറ്റൈസറുകളും മാസ്‌കുകളും നൽകി ശുചിത്വം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതു ഇടങ്ങളിലുള്ള ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും പൊലീസുകാർ മുന്നിലാണ്. സ്‌ക്വാഡുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനമാണ് പൊലീസ് സേന കാഴ്ചവെക്കുന്നത്. പ്രായം ചെന്നവരിൽ വൈറസ് ബാധ എളുപ്പത്തിൽ പകരും എന്നുള്ളതിനാൽ തനിച്ച് വീടുകളിൽ കഴിയുന്ന വയോധികർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനും പൊലീസുണ്ട്.
ശ്രദ്ധിക്കണം തൊഴിലുറപ്പ് തൊഴിലാളികൾ
കണ്ണൂർ :സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ്19 റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തി സ്ഥലത്ത് മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ബ്രെക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഉൾപ്പെടെയുള്ള വിവിധ മാർഗ്ഗങ്ങളിലൂടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമായി നടന്നു വരികയാണെങ്കിലും തൊഴിലാളികൾ തൊഴിലിടങ്ങളിൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം.
തൊഴിൽ തുടങ്ങുന്നതിനു മുമ്പും, ഇടവേളകളിലും, തൊഴിലിന് ശേഷവും തൊഴിലാളികൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകി വൃത്തിയാക്കണം. (സോപ്പ്, വെള്ളം എന്നിവ പ്രവൃത്തിയിടങ്ങളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്). വീട്ടിൽ തിരികെ എത്തിയ ഉടൻ തന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴകേണ്ടതാണ്. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കൈയുറകൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാസ്‌കും ഉപയോഗിക്കാവുന്നതാണ്. വിയർപ്പ് തുടയ്ക്കുന്നതിന് ഓരോ തൊഴിലാളിയും പ്രത്യേകം തോർത്ത് കൈയ്യിൽ കരതേണ്ടതാണ്. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോർത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ പരസ്പരം കഴിയുന്നത്ര (കുറഞ്ഞത് ഒരു മീറ്റർ) അകലം പാലിക്കേണ്ടതാണ്. പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരിക കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കേണ്ടതാണ്.
പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുള്ളവർ ഉടൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതും അവരുടെ നിർദ്ദേശാനുസരണം വൈദ്യസഹായം തേടേണ്ടതുമാണ്.
കൊറോണ വൈറസ് ബാധയുള്ള വ്യക്തിയുമായി അടുത്തിടപഴകിയിട്ടുള്ള തൊഴിലാളികൾ ഉണ്ടെങ്കിൽ അവർ പ്രവൃത്തിയെടുക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ടതും ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് അവരുടെ നിർദേശാനുസരണം തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്.