ചാലക്കര പുരുഷു

മാഹി: വിദേശത്ത് നിന്ന് വന്ന 186 പേർ ഉൾപ്പടെ മൊത്തം 214 പേർ നിരീക്ഷണത്തിലുള്ള മാഹിയിൽ, പലരും സർക്കാരിന്റെ വിലക്കുകൾ ലംഘിച്ച് കറങ്ങി നടക്കുന്നതായി ആക്ഷേപം. നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഇത്തരക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 188ാം വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
പക്ഷിപ്പനി പടർന്നു പിടിക്കുന്നതിനിടയിൽ കിലോയ്‌ക്ക് 30 രൂപ വെച്ച് പന്തക്കലിൽ തകർപ്പൻ കോഴിക്കച്ചവടം. നാടിന്റെ നാനാഭാഗത്തു നിന്നുമുള്ളവർ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൂട്ടം കൂടി നിന്നാണ് ഇവ വാങ്ങാനെത്തുന്നത്. മാക്കുനി, കോപ്പാലം ഭാഗത്തെ നിരവധി റീട്ടെയിൽ മദ്യഷാപ്പുകളുടെ കൗണ്ടറുകളിൽ മദ്യപന്മാർ തിരക്കൊഴിയാതെ തിക്കിത്തിരക്കിനിൽക്കുന്നതും അധികൃതരുടെ കണ്ണിൽ പെടുന്നില്ല.

മയ്യഴിയിൽ കൊറോണ സ്ഥിരീകരണമുണ്ടാവുകയും ഇരുന്നൂറിലേറെ പേർ നിരീക്ഷണത്തിൽ കഴിയുകയും മന്ത്രിമാർ തന്നെ നേരിട്ടെത്തി ബോധവത്കരണം നടത്തുകയും ചെയ്തിട്ടും രോഗത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ ലാഘവത്തോടെ കാണുന്നവർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ജനശബ്ദം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക വർഷാന്ത്യമായതിനാൽ നിരവധി എൽ .ഐ.സി. ഏജന്റുമാരും വിവിധ സ്വകാര്യ മെട്രോ ഫിനാൻസ് ഏജന്റുമാരും നാടൊട്ടുക്കും പരക്കം പായുകയാണ്. പരമാവധി ക്വാട്ടയിലെത്തിക്കാൻ ഇവരുടെ മേലധികാരികൾ ഏജന്റുമാരിൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. രോഗത്തെ മുൻനിർത്തി വിദേശത്തു നിന്നുമെത്തുന്നവർ ഇൻഷ്വറൻസ് സുരക്ഷാ സ്‌കീമുകളിൽ ചേരുമെന്ന പ്രതീക്ഷയാണ് ഇവരെ മറ്റൊന്നുമാലോചിക്കാതെ കസ്റ്റമറെ തേടിയെത്താൻ പ്രേരിപ്പിക്കുന്ന

ത്.


ജനങ്ങൾ കൂട്ടം കൂടിയത് വിവാദമായി

മാഹി: വരാനിരിക്കുന്ന നാളുകളെ രാജ്യം അതീവ ജാഗ്രതയോടെ, ജനകീയ സഹകരണത്തോടെ നേരിട്ടു കൊണ്ടിരിക്കെ, ആർ.എ.യുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന മതരാഷ്ട്രീയ നേതാക്കളുടെ യോഗം കൈക്കൊണ്ട തീരുമാനത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാതെ ഇന്നലെ വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിക്കപ്പെട്ട ചാലക്കര ഉൾപ്പടെ പള്ളൂർ, പന്തക്കൽ, പൂഴിത്തല, മഞ്ചക്കൽ പള്ളികളിൽ നൂറ് മുതൽ ഇരുനൂറ് വരെ ആളുകൾ പങ്കെടുത്ത പ്രാർത്ഥനാ ചടങ്ങ് നടന്നു.
ചില പള്ളിക്കമ്മിറ്റികൾ യോഗ തീരുമാനമുൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്തു. ഉത്തര കേരളത്തിലെ പ്രമുഖമായ ശ്രീ ജഗന്നാഥ ക്ഷേത്ര ഉത്സവാഘോഷ പരിപാടികൾ തന്നെ റദ്ദാക്കുകയുണ്ടായി. തുടർന്ന് ഒട്ടേറെ ഉത്സവങ്ങൾ മാറ്റിവെക്കുകയും ചെയ്തിരുന്നു.രാജ്യം നാളെ സ്വയം പ്രഖ്യാപിത കർഫ്യു ആചരിക്കാനിരിക്കെ, ഇക്കാര്യം എല്ലാവരുമായും ഫോണിൽ ബന്ധപ്പെട്ട് പരസ്പരം ബോധവത്കരിക്കാൻ പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചിരിക്കെയാണ് സംഘം ചേർന്നുള്ള പരിപാടികൾ ചില കേന്ദ്രങ്ങളിൽ നടന്നത്. മയ്യഴി ഭരണകൂടം ഇത് ഗൗരവതരമായി കാണുന്നുണ്ട്.