കാസർകോട്: കൊറോണ വൈറസ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ കാസർകോട്, മഞ്ചേശ്വരം എം.എൽ.എമാരായ എം.സി. ഖമറുദ്ദീനും എൻ.എ. നെല്ലിക്കുന്നും വീടുകളിൽ സ്വയം നിരീക്ഷണത്തിലായി.
കൊറോണ സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുമായാണ് ഇവർ സമ്പർക്കം പുലർത്തിയത്. മണ്ഡലത്തിലെ ഒരു കല്യാണച്ചടങ്ങിലാണ് ഖമറുദ്ദീൻ രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയിലാണ് നെല്ലിക്കുന്ന് സമ്പർക്കം പുലർത്തിയത്. വ്യാഴാഴ്ചയാണ് ഇയാളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് രണ്ട് എം.എൽ.എമാരും നിരീക്ഷണത്തിൽ കഴിയാൻ സ്വയം സന്നദ്ധരാവുകയായിരുന്നു.
അതേസമയം, കൊറോണ സ്ഥിരീകരിച്ച വ്യക്തി കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് 11ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി നഗരത്തിലെ ഹോട്ടലിൽ തങ്ങി. 12ന് മാവേലി എക്‌സ്‌പ്രസിലാണ് കാസർകോട്ടെത്തിയത്. 12 മുതൽ 17 വരെ നാട്ടിലുണ്ടായിരുന്നു. ഈ കാലയളവിൽ രണ്ട് കല്യാണത്തിലും നിരവധി പൊതുപരിപാടികളിലും പങ്കെടുത്തതായാണ് വിവരം.
ഇയാൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും എം.എൽ.എമാർക്കൊപ്പം നിൽക്കുന്നതുമായ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.