മട്ടന്നൂർ: നാലുദിവസം മുമ്പ് ഒമാനിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയേക്കും. ഇയാൾ കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ കിയാൽ ശേഖരിക്കുകയാണ്.
ഒമാനിൽ വച്ച് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ കതിരൂർ സ്വദേശി മാർച്ച് എട്ട് മുതൽ 12 വരെയാണ് നാട്ടിലുണ്ടായിരുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവിനെ കാണാനാണ് ഇയാൾ ഒമാനിൽ നിന്ന് വന്നത്.
തലശേരിയിലെ ഒരു സഹകരണ ആശുപത്രിയിലും കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ പോയതായാണ് സൂചന. മാർച്ച് 12 ന് രാവിലെ 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ഏ 855 ഗോ എയർ വിമാനത്തിലാണ് ഇയാൾ ഒമാനിലേക്ക് തിരിച്ചുപോയത്. ഒമാനിൽ വച്ച് 16ാം തീയതി രോഗം സ്ഥിരീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കിയാൽ തീരുമാനിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഔദ്യോഗികമായി അറിയിപ്പ് കിട്ടിയതിന് ശേഷം കണ്ണൂർ ജില്ലാഭരണകൂടം റൂട്ട് മാപ്പ് തയാറാക്കും. മാഹിയിൽ മൂന്ന് പേർ ആശുപത്രിയിലും ഇരുന്നൂറിലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
നാലാം പരിശോധനയും നെഗറ്റീവ്
പെരിങ്ങോം സ്വദേശിയെ ഡിസ്ചാർജ് ചെയ്തു
കണ്ണൂരിൽ നേരത്തെ രോഗമുണ്ടെന്ന് കണ്ടെത്തിയ പെരിങ്ങോം സ്വദേശിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെയാണ് ഇയാളെ വീട്ടിലേക്ക് മാറ്റിയത്. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം.ഇയാളുടെ അടുത്ത ബന്ധുക്കളെയും വീടുകളിലേക്ക് മാറ്റി. കണ്ണൂർ ജില്ലയിൽ 25 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 4,488 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.