പ്രാർഥനാ ചടങ്ങുകളിൽ അഞ്ചു പേർ മാത്രം

കണ്ണൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വിവാഹങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ പൊലീസും തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കണം.

ഗൃഹപ്രവേശനം ഉൾപ്പെടയുള്ള ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്.
വൈറസിന്റെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വർധിച്ചുവന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കാസർകോട്, മാഹി, മലപ്പുറം, കൂർഗ് എന്നിവിടങ്ങളിൽ കൊറോണ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഒട്ടേറെ പേർ ജില്ലയിലുണ്ട്. ഇവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാതെ തരമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കിടയിൽ നിരീക്ഷണം ശക്തമാക്കണം. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും ജാഗ്രത വേണം. ജില്ലയിലെ പൊതുസ്വകാര്യ സ്ഥാപനങ്ങൾ, സേവന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങിയ ഇടങ്ങളിലും ബ്രേക്ക് ദി ചെയിൻ കാംപയിന്റെ ഭാഗമായി സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനമോ ഹാൻഡ് സാനിറ്റൈസറോ ഒരുക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. അതിഥി തൊഴിലാളികൾ, പട്ടികജാതി-പട്ടിക വർഗ കോളനി നിവാസികൾ തുടങ്ങിയവർക്കിടയിൽ കൊറോണ ബോധവൽക്കരണവും നടത്തും.