തൃക്കരിപ്പൂർ: കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ അത്യാവശ്യ വസ്തുക്കളുടെ ദൗർലഭ്യത അനുഭവപ്പെടുമെന്ന ആശങ്കയിൽ പൊതുജനം കിട്ടാവുന്നത്ര ശേഖരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി കടകമ്പോളങ്ങളിൽ ഇന്നലെ രാവിലെ മുതൽ തിരക്കേറി.
അതോടൊപ്പം സർക്കാരിന്റെ നിർദ്ദേശം പാലിച്ച് രാവിലെ 11 മണിക്ക് ശേഷമേ കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയുള്ളൂ.എന്നാൽ വലിയപറമ്പ പഞ്ചായത്തിലെ 90 ശതമാനം കടകളും സർക്കാർ നിർദ്ദേശം പാലിക്കാതെ പതിവുപോലെ പ്രവർത്തിച്ചുവെന്ന് നാട്ടുകാർ ആരോപിച്ചു.
കൊറോണയ്ക്ക് പുറമെ ജനതാ കർഫ്യൂവും പ്രഖ്യാപിച്ചതോടെയാണ് ജനങ്ങൾ അരിയടക്കമുള്ള അത്യാവശ്യ സാധനങ്ങൾക്കായി മാർക്കറ്റിലെത്തിയത്. ചെറുവത്തൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിലെ എല്ലാ പലചരക്കുകടകളിലും ജനത്തിരക്കായിരുന്നു. തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലെ മാവേലി സ്റ്റോറിൽ നീണ്ട ക്യൂ കാണപ്പെട്ടു. ജനങ്ങൾ ദൂരം പാലിക്കാതെ നിൽക്കുന്നതു കണ്ടതോടെ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും, നാട്ടുകാർ കൂട്ടം കൂടി നിൽക്കുന്നത് തുടർന്നപ്പോൾ പൊലീസെത്തിയാണ് ഇവരെ നിയന്ത്രിച്ചത്.
പടം...തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലെ മാവേലി സ്റ്റോറിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്