കണ്ണൂർ: കുടിവെള്ളം അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കിണർവെള്ളം പരിശോധിക്കാൻ സ്‌കൂളുകളിൽ ലാബ് വരുന്നു. ഹരിത കേരള മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആദ്യ കുടിവെള്ള പരിശോധനാ ലാബ് നിർമ്മാണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ അവസാനഘട്ടത്തിലാണ്. ജലദിനത്തിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നതാണെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.
അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരുന്ന ലാബിന് കെമിസ്ട്രി വിഭാഗമാണ് മേൽനോട്ടം നൽകുന്നത്. ആദ്യഘട്ടം അഞ്ചരക്കണ്ടി പഞ്ചായത്തിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കും. അദ്ധ്യാപകരും കുട്ടികളുമടങ്ങുന്ന സംഘം പരിശോധിച്ച ശേഷം കെമിസ്ട്രി അദ്ധ്യാപകൻ റിപ്പോർട്ട് തയ്യാറാക്കും. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് മിക്കയിടത്തും വീടുകളിലെ കിണറുകളിൽ മാലിന്യം നിറഞ്ഞിരുന്നുവെന്ന് ഹരിത കേരള മിഷൻ കണ്ടെത്തിയിരുന്നു.
സ്‌കൂളുകളിൽ ഇത്തരമൊരു സംവിധാനം ഒരുക്കുന്നതോടെ കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. വെള്ളത്തിന്റെ പോരായ്മ പരിഹരിക്കാനുള്ള നിർദ്ദേശവും സ്‌കൂൾ അധികൃതർ നൽകും. കുടിവെള്ളത്തിലുണ്ടാകേണ്ട മൂലകങ്ങൾ അയേൺ, മാഗ്‌നറ്റ്,അലുമിനിയം, കോപ്പർ, സിങ്ക്, കാഡ് മിയം, ഫ്ലൂറൈഡ്, ലെഡ്, സൾഫേറ്റ്, നൈട്രേറ്റ് എന്നിവയാണ്. അദ്ധ്യാപകൻ കെ.വി.രാജേഷ്, സ്‌കൂളിലെ മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ കുറേനാളായി ലാബ് യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്.
ലാബ് പദ്ധതി ഇങ്ങനെ
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹരിത കേരള മിഷനാണ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ലാബുകളോടനുബന്ധിച്ച് ഇത് സ്ഥാപിക്കുന്നത്. ശാസ്ത്രാദ്ധ്യാപകർക്ക് പരിശീലനം നൽകും. മൂന്ന് ലക്ഷം രൂപ ഹരിത കേരള മിഷൻ നൽകും. ഫർണിച്ചർ, കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പരിശോധന കിറ്റും സ്‌കൂൾ അധികൃതർ വാങ്ങണം. ഇതിനായി എം.എൽ.എ ഫണ്ട് ഉപയോഗിക്കാം.