കൂത്തുപറമ്പ്:പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മൂര്യാട്ടെ വിപിൻ അണ്ണേരിയെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007 ൽ മൂരാട് വച്ച് ബിജെപി പ്രവർത്തകനായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വിപിൻ അണ്ണേരി ജനവരി 30 ന് ആണ് പരോളിൽ ഇറങ്ങിയത്. പരോൾ കാലാവധി കഴിഞ്ഞ് മാർച്ച് 16നു വൈകുന്നേരം 5.30നുള്ളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തേണ്ടതായിരുന്നു. 16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്ന് പറഞ്ഞ് വിപിൻ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നെങ്കിലും ജയിലിൽ എത്തിയിരുന്നില്ല. ഇതിനിടയിൽ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ വിപിനെ സെൻട്രൽ ജയിലേക്ക് അയച്ചു. കൊറോണ 19 വൈറസിൻ്റെ പശ്ച്ചാത്തലത്തിൽ യുവാവിനെ ജയിലിൽ നിരീക്ഷണത്തിലാക്കിയിരിക്കയാണ്.