നീലേശ്വരം: കോറോണ ആശങ്കയിൽ ഇന്നലെ കാസർകോട്ടെ മിക്ക കടകളിലും വൻതിരക്ക്. കടകൾ 11 മണി മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് അറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ കടകളിലേക്ക് ജനം ഒഴുകിയെത്തിയത്.
ലാഭം മാർക്കറ്റ്, പലചരക്ക് കട,മാർജിൻ ഫ്രീ ഷോപ്പ് എന്നിവിടങ്ങളിൽ രാവിലെ തന്നെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഇവിടെങ്ങളിലെല്ലാം പൊലീസെത്തി ജനങ്ങളെ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ പിന്തിരിഞ്ഞ് പോകാൻ തയ്യാറായില്ല. നീലേശ്വരത്ത് പൊലീസിന്റെ നിർദ്ദേശ പ്രകാരം ലാഭം മാർക്കറ്റിന്റെ ഒരു ഷട്ടറിൽ കൂടി കുറച്ച് പേരെ മാത്രം അകത്ത് കടത്തിവിട്ടാണ് ഒരു പരിധി വരെ തിരക്ക് ഒഴിവാക്കിയത്.
ജില്ല ഭരണാധികാരികളുടെ ഉത്തരവ് മാനിച്ച് നീലേശ്വരത്തെ കടകളെല്ലാം 11 മണിക്ക് തുറന്ന് പ്രവർത്തിച്ചതിനാൽ പലചരക്ക് കടകളിൽ സാധനങ്ങൾ വാങ്ങാൻ തിരക്ക് അനുഭവപ്പെട്ടു. അതെ സമയം പലചരക്കുകടകളിൽ മാത്രമായിരുന്നു ഈ തിരക്ക് അനുഭവപ്പെട്ടത്. വാഹനങ്ങളും ഓട്ടോറിക്ഷകളും ഭൂരിഭാഗവും ഇന്നലെ ഓടിയില്ല.