കണ്ണുർ :ജില്ലയിലെ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾ ആശങ്കയിൽ. കൊറോണ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ദേശീയ പാതകൾ അടച്ചിടുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചരക്കു ഗതാഗതം ഉൾപ്പടെ നിലയ്‌ക്കുന്ന സാഹചര്യത്തിൽ ഡയാലിസിസ് സെന്ററിലേക്ക് എത്തിച്ചേരേണ്ട സാമഗ്രികൾ എത്തിച്ചേരാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്കയാണ് രോഗികൾക്ക്.

ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുമെന്നും രോഗികൾ പറയുന്നു. ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന ആസിഡുകൾ,ഡയാലിസർ,ട്യൂബ് തുടങ്ങിയ സാധനങ്ങളെല്ലാം എത്തുന്നത് കോയമ്പത്തൂർ ,ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ്.ആത്യാവശ്യം സാധനങ്ങൾ ഇപ്പോൾ ഉണ്ടെങ്കിലും വരും നാളുകളിൽ ലഭ്യത കുറവുണ്ടാകുമോയെന്ന ആശങ്കയാണ് വിവിധ ഡയാലിസ് കേന്ദ്രങ്ങളിലെ അധികൃതരും പങ്കുവെയ്‌ക്കുന്നത്.

ജില്ലയിലെ 70 ശതമാനം വൃക്ക രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത് . സ്വകാര്യ ആശുപത്രിയിൽ 1500 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്.പല ഡയാലിസിസ് രോഗികളും സ്‌പോൺസർമാരെയും മറ്റ് വിദേശത്ത് നിന്നുള്ള ആളുകളെയും ആശ്രയിച്ചാണ് ഡയാലിസിസ് ചെയ്തു പോകുന്നത് .എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വദേശത്തും വിദേശത്തും തൊഴിൽ, ബിസിനസ് തുടങ്ങിയ മേഖലകൾ പ്രതിസന്ധിയിലായതോടെ അവർക്കും സഹായം നൽകാൻ പറ്റാത്ത സാഹചര്യമാണ്.

സ്വകാര്യ ആശുപത്രികൾ രോഗികൾക്ക് യാതൊരു ഇളവുകളും കൊടുക്കുന്നുമില്ല. കൂടാതെ ജില്ലയ്‌ക്ക് പുറത്ത് പോയി ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ട്രെയിനുകളും മറ്റും റദ്ദാക്കിയതോടെ യാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്.

വൃക്ക രോഗികളുടെ ആശങ്കയും സാമ്പത്തിക പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തി പ്രതീക്ഷ ഓർഗൻ (കിഡ്‌നി )റസിപിയെന്റസ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു.