നൂറുകണക്കിനാളുകളുമായി സമ്പർക്കം
വിമാനത്താവളത്തിൽ എട്ട് മണിക്കൂർ
വിവാഹം, ഗൃഹപ്രവേശം, ഫുട് ബാൾ ടൂർണമെന്റ് , വിരുന്ന് , പൊതുപരിപാടികളിലും പങ്കെടുത്തു
മലപ്പുറം മുതൽ സമ്പർക്കം
കാസർകോട്: സമ്പർക്ക പട്ടിക തയ്യാറാക്കാൻ സഹകരിക്കാതിരുന്ന കാസർകോട് എരിയാൽ സ്വദേശിയായ 47 കാരനിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഉൾപ്പെടുത്തി റൂട്ട് മാപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുറത്തിറക്കി. തെറ്റായ വിവരങ്ങൾ നൽകിയും കൃത്യമായ വിവരങ്ങൾ നൽകാതെയും അധികൃതരെ വട്ടംകറക്കിയ ഇയാളിൽ നിന്ന് നിർബന്ധം ചെലുത്തിയാണ് ഒടുവിൽ കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചത്.
അധികൃതരോട് ഈയാൾ പങ്കുവെച്ച വിവരങ്ങൾ സമ്പൂർണ്ണമാണോ എന്നകാര്യത്തിലും സംശയമുണ്ട്. ഈ മാസം 11ന് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാൾ ഒരു ദിവസം കോഴിക്കോട് തങ്ങി പിറ്റേ ദിവസമാണ് ട്രെയിനിൽ കാസർകോട്ടേക്ക് തിരിച്ചത്. ഇതിനു ശേഷം ഇയാൾ സന്ദർശിച്ച സ്ഥലങ്ങളും റൂട്ട് മാപ്പിൽ ഉൾപെടുത്തിയിട്ടുണ്ട്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ എട്ട് ദിവസങ്ങളിൽ ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടത് നൂറുകണക്കിന് ആളുകളുമായാണെന്ന് വെളിവാക്കുന്നതാണ് പുറത്തിറങ്ങിയ റൂട്ട് മാപ്പ്. 11 ന് പുലർച്ചെ 2.45 നുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 7.45 ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ എരിയാൽ സ്വദേശി ഓട്ടോറിക്ഷയിൽ 9.30 ന് വിമാനത്താവളത്തിന് അടുത്തുള്ള സാഹിർ റെസിഡൻസിയിൽ എത്തി 603 നമ്പർ മുറിയെടുത്തു താമസിച്ചു. 10 മണിക്ക് പുറത്തിറങ്ങി റെസിഡൻസിയുടെ അടുത്തുള്ള ഹോട്ടലിൽ നിന്ന് ചായ കുടിച്ചു.
അവിടെ നിന്ന് കാൽനടയായി 10.30 ന് വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇയാൾ മൂന്ന് മണിവരെ അവിടെ കഴിച്ചു കൂട്ടി. ബാഗേജ് സംബന്ധിച്ച വിഷയത്തിലാണ് വീണ്ടും വിമാനനത്താവളത്തിൽ പോയി കാത്തിരുന്നതെന്നാണ് ഇയാൾ ജില്ലാ ഭരണകൂടത്തോട് വിശദീകരിച്ചത്. വൈകുന്നേരം 3.15 ന് മൈത്രി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. നാല് മണി മുതൽ എട്ട് വരെ മുറിയിൽ തന്നെ കഴിഞ്ഞു. രാത്രി എട്ട് മണിക്ക് വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇയാൾ 12 മണി വരെ അവിടെ തന്നെയുണ്ടായിരുന്നു. ദുബായിൽ നിന്ന് വിമാനമിറങ്ങിയ കൊറോണ രോഗബാധിതൻ രണ്ടുതവണയായി വിമാനത്താവളത്തിൽ എത്തി എട്ട് മണിക്കൂർ സമയം അവിടെ ചിലവഴിച്ചതായി റൂട്ട് മാപ്പിൽ കാണുന്നുണ്ട്. തുടർന്ന് രാത്രി 12 മണിക്ക് സഫ്രാൻ ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. കാൽനടയായി തന്നെ റെസിഡൻസിയിൽ എത്തി രണ്ടു മണിവരെ അവിടെ കഴിഞ്ഞ ശേഷം ഓട്ടോയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തി മൂന്നര വരെ റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു. പുലർച്ചെ മാവേലി എക്സ്പ്രസിലെ എസ് 9 കോച്ചിൽ കയറി 12 ന് രാവിലെ ഏഴ് മണിക്ക് കാസർകോട് എത്തി ഓട്ടോയിൽ ഏഴരക്ക് ഏരിയാലിലെ വീട്ടിൽ വന്നിറങ്ങി. വന്നയുടനെ ഇയാൾ കൂഡ്ലുവിലെ വീട്ടിലും മായിപ്പാടിയിലെ സഹോദരന്റെ വീട്ടിലും സന്ദർശനം നടത്തി. വൈകുന്നേരം ഗ്രീൻസ്റ്റാർ ക്ലബിന്റെ പരിപാടിയിൽ പങ്കെടുത്തു.13 ന് കുട്ടികളോടൊപ്പം ഫുട്‌ബോൾ കളിക്കുകയും എരിയാലിലെ ബാർബർ ഷോപ്പിൽ പോയി മുടി മുറിക്കുകയും ആസാദ് നഗറിലെ സുഹൃത്തിന്റെ വീട് സന്ദർശിച്ച ശേഷം ജുമാ മസ്ജിദിൽ ജുമാ നമസ്‌ക്കാരത്തിലും പങ്കെടുത്തു. സി പി സി ആർ ഐക്ക് അടുത്ത ഹോട്ടലിൽ നിന്ന് ചായ കുടിക്കുകയും എസ് .ബി. ഐ ബാങ്കിൽ പോവുകയും വൈകീട്ട് വീണ്ടും ക്ലബിൽ പോവുകയും ചെയ്തു.
14 നും 15 ന് ഉച്ചക്ക് രണ്ടു മണിക്കും മഞ്ചത്തടുക്ക വില്ലേജ് പ്രൊജ്ര്രക് ഏരിയയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു. 14 ന് രാവിലെ ഉളിയത്തടുക്കയിലെ പെട്രോൾ പമ്പിൽ പോയി ഇന്ധനം നിറച്ച ശേഷം അഡൂരിലെ ഒരു വിവാഹ ചടങ്ങിലും ഇയാൾ പങ്കെടുത്തു. 16 ന് രാവിലെ ഏഴ് മണിക്ക് കുളങ്ങരയിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിലും ഉച്ചക്ക് അവിടെ തന്നെ മറ്റൊരു പരിപാടിയിലും പങ്കെടുത്തു. രാത്രി ഒമ്പത് മണിക്ക് കാസർകോട് നേഴ്സിംഗ് ഹോമിൽ എത്തി. 17 ന് ഉച്ചക്ക് രണ്ടര മണിക്ക് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിയ ഇയാൾ രക്തവും സ്രവവും നൽകിയ ശേഷം മൂന്ന് ദിവസം സഹോദരന്റെ വീട്ടിൽ കഴിഞ്ഞു. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടുകളെ തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ 19 ന് രാത്രി 8.30 മണിക്കാണ് ഇയാളെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്.