കാസർകോട്: വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കപ്പട്ടവർ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. നിരീക്ഷണത്തിൽ ഉള്ളവർ വീടുകളിൽ നിന്നും പുറത്തിറങ്ങി സഞ്ചാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ പ്രത്യേകം സജ്ജമാക്കുന്ന കൊറോണ കൺട്രോൾ സെല്ലിലേക്കും മാറ്റും.

കാസർകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും ബല്ല ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ് ഇവർക്ക് വേണ്ടി പ്രത്യേക കൊറോണ കൺട്രോൾ സെല്ലുകൾ സജ്ജീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് കഴിയണം. കുടുംബാംഗങ്ങളുമായി പോലും യാതൊരു സമ്പർക്കവും പാടില്ല. എന്നാൽ പലരും ഇത് അവഗണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരെയും പ്രത്യേകം സജ്ജമാക്കുന്ന കോറോണ സെന്ററിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.