കാസർകോട്: കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് യോഗം അഭ്യർത്ഥിച്ചു. സർക്കാർ നിർദേശിച്ച നിരോധനവുമായി പൂർണമായി സഹകരിക്കാനും യോഗം തീരുമാനിച്ചു.
കൊറോണയുടെ അതിവേഗതയിലുള്ള വ്യാപനം തടയുന്നതിന് വിശ്വാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും മാർച്ച് ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ ബന്ധപ്പെട്ട മഹല്ലുകളിൽ പേര് രജിസ്റ്റർ ചെയ്ത് സംയുക്ത ജമാഅത്ത് കമ്മിറ്റി ഓഫീസിൽ അറിയിക്കണമെന്നും ഭാരവാഹികൾ നിർദേശിച്ചു. സംയുക്തജമാഅത്തിന് കീഴിലുളള എല്ലാ പള്ളികളും ഒരറിയിപ്പുണ്ടാകുന്നതു വരെ അടയ്ക്കാൻ യോഗം തീരുമാനിച്ചു. പള്ളികളിൽ ബാങ്ക് വിളി മാത്രമേ ഉണ്ടാവൂ. എല്ലാവരും വീട്ടിൽ നിന്ന് നമസ്‌ക്കരിക്കാനും യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ കരീം കോളിയാട് അദ്ധ്യക്ഷത വഹിച്ചു. മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, ടി ഇ അബ്ദുല്ല, എൻ. എ. അബൂബക്കർ ഹാജി, ശംസുദ്ദീൻ ഹാജി ബായിക്കര, കെ. ബി. മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കൊല്ലമ്ബാടി, മജീദ് പട്ള സംബന്ധിച്ചു.