കാസർകോട്: ജില്ലയിലെ മുഴുവൻ കടകളും സർക്കാർ നിർദ്ദേശിച്ച രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ബാങ്കുകളെല്ലാം തുറന്ന് പ്രവർത്തിക്കണം. അടുത്ത ഒരാഴ്ച ബാങ്കുകൾ അടച്ചിടാൻ അനുവദിക്കണമെന്ന ബാങ്ക് പ്രതിനിധികളുടെ നിർദേശം ജില്ലാ കളക്ടർ അദ്ധ്യക്ഷനായ കൊറോണ കോർ കമ്മിറ്റി യോഗം അംഗീകരിച്ചില്ല. എന്നാൽ അടുത്ത രണ്ടാഴ്ച പുതുതായി അക്കൗണ്ട് ആരംഭിക്കാൻ ആരും ബാങ്കിൽ പോകരുതെന്ന് യോഗം നിർദ്ദേശിച്ചു.

ഇതു സംബന്ധിച്ച ബാങ്ക് പ്രതിനിധികളുടെ നിർദേശം യോഗം അംഗീകരിച്ചു. ബാങ്കിംഗ് ഇടപാടുകൾ പരമാവധി ഡിജിറ്റലായി നടത്തണം. പണമിടപാടുകൾക്ക് എ ടി എം, ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകളെ ആശ്രയിക്കണം. കേന്ദ്രസർക്കാർ നിർദേശം ലഭിക്കുന്നതു വരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ സി .പി. സി .ആർ .ഐ,എച്ച് .എ .എൽ ഭെൽ എന്നിവ അടയ്ക്കുന്നത് സംബന്ധിച്ച് ഇടപെടെണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പി .എച്ച്.സികളിലും സി .എച്ച് .സികളിലും, എഫ് .എച്ച്. സികളിലും മികച്ച ചികിത്സ ലഭിക്കുന്ന രോഗങ്ങൾക്ക് ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിയും കാസർകോട് ജനറൽ ആശുപത്രിയിലും എത്തരുതെന്ന് യോഗം അഭ്യർത്ഥിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിയും കാസർകോട് ജനറൽ ആശുപത്രിയിലും സാധാരണ അസുഖങ്ങൾക്ക് ചികിത്സ തേടി കൂടുതൽ പേരെത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടുതൽ ആളുകൾ എത്തുന്ന സൂപ്പർമാർക്കറ്റുകൾ, ബസാറുകൾ തുടങ്ങിയിടങ്ങളിൽ കൈ ശുചീകരിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഹാന്റ് വാഷും സാനിറ്ററൈസറും ലഭ്യമാക്കണം. ഇവിടങ്ങളിലെ ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം.

കൊറോണ പ്രതിരോധ പ്രവർത്തന സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തമാക്കും

വാർഡ്തല ജാഗ്രതാ സമിതി പ്രവർത്തനവും ശക്തിപ്പെടുത്തും

നിരീക്ഷണം ലംഘിച്ചാൽ സെല്ലിലേക്ക്

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ പുറത്ത് സഞ്ചരിച്ചാൽ ഇവരെ പ്രത്യേകം സജ്ജമാക്കിയ കൊറോണ കൺട്രോൾ സെന്ററിലേക്ക് മാറ്റും. പൊലീസ് ബന്തവസ്സോടെ കാസർകോട് ജി.എച്ച്.എസ്.എസിലും കാഞ്ഞങ്ങാട് ബല്ല ജി.എച്ച്.എസ്.എസിലുമാണ് സെന്റർ പ്രവർത്തിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധിതരെ പാർപ്പിക്കുന്നതിന് വേണ്ടി രണ്ട് സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കും. ഈ ആശുപത്രികൾ 22 ബെഡുകൾ ഒരുക്കും.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് കൊറോണ കൺട്രോൾ സെല്ലിൽ അഞ്ച് ബി .എസ് .എൻ. എൽ കണക്ഷൻലഭ്യക്കും. ഇതിൽ മൂന്ന് ഫോണുകൾ കൺട്രോൾ സെല്ലിലേക്ക് വരുന്ന കോളുകൾക്ക് മറുപടി നൽകുന്നതിനും, രണ്ട് ഫോണുകൾ വാർഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ചോദിച്ച് അറിയുന്നതിനും ഉപയോഗിക്കും ഈ ടെലിഫോൺ നമ്പറുകൾ ഇന്ന് പ്രവർത്തനക്ഷമമാകും.