കാസർകോട്: കഴിഞ്ഞ ദിവസം ജില്ലയിൽ കെറോണ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. മാർച്ച് 11 ന് വെളുപ്പിന് 2.30 ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 344 വിമാനത്തിൽ രാവിലെ 7.45 ഓടെ കരിപ്പൂരിൽ എത്തിയ അദ്ദേഹം 3.30 ന് പുലർച്ചെയുള്ള മവേലി എക്സ്പ്രസിൽ എസ് 9 കമ്പാർട്ട്മെന്റിൽ രാവിലെ ഏഴിന് കാസർകോട്ട് എത്തി. റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒട്ടോയിൽ വീട്ടിലെത്തി. തുടർന്ന് മായിപ്പാടിയിലുള്ള സഹോദരങ്ങളുടെ വീട്ടിലെത്തി. വൈകുന്നേരം ഗ്രീൻസ്റ്റാർ ക്ലബ്ബിലെത്തി. 13 ന് കുട്ടികളുടെ കൂടെ ഫുട്ബാൾ കളിച്ചു. പിന്നീട് എരിയാലിലെ ബാർബർഷോപ്പിലും ആസാദ് നഗറിലെ സുഹൃത്തുക്കളുടെ വീടുകളിലും എരിയാൽ ജുമാമസ്ജിദിലും സി.പി.സി.ആർ.ഐക്ക് സമീപമുള്ള ഹോട്ടലിലും സി.പി.സി.ആർ.ഐയിലെ എസ്.ബി.ഐ എ.ടി.എമ്മിലും വൈകിട്ട് എരിയാൽ ഗ്രീൻസ്റ്റാർ ക്ലബ്ബിലും പോയി. മാർച്ച് 14 ന് മഞ്ചത്തടുക്കയിൽ ഒരു കല്യാണത്തിനും രാത്രി 10.06 ന് ഉളിയത്തടുക്ക പെട്രോൾ പമ്പിലും രാത്രി 11 ന് അഡൂർ കല്യാണ പാർട്ടിയിലും പങ്കെടുത്തു. 15 ന് മഞ്ചത്തടുക്കയിലെ കല്യാണ ചടങ്ങിൽ പങ്കെടുത്തു. 16 ന് രാവിലെ ഏഴിന് കുളങ്ങര എരിയാലിലെ ഗൃഹ സന്ദർശന പരിപാടിയിലും ഉച്ചയ്ക്ക് 12.15 ന് കുളങ്ങരയിൽ മരണവീട്ടിലും രാത്രി ഒമ്പതിന് കാസർകോട് നഴ്സിങ് ഹോമിലും പോയിരുന്നു. 17 ന് കാസർകോട് ജനറൽ ആശുപത്രിയിലെത്തി സാമ്പിളെടുത്തു. 17,18,19 ദിവസങ്ങളിൽ കുളങ്ങര എരിയാലിൽ ഇദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞു. 19 ന് രാവിലെ 8.30 ന് രോഗം സ്ഥിരീകരിച്ചതോടെ കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറി.