കാസർകോട്: കൊറോണ രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശം ലംഘിച്ച് തുറന്നുവച്ച കടകൾ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നേരിട്ടിറങ്ങി അടപ്പിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു.
രാവിലെ എട്ടുമണിക്ക് വിദ്യാനഗർ മുതൽ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ ചെമ്മനാട് റോഡ് വരെയുള്ള 9 കടകളാണ് അടപ്പിച്ചത്. കാസർകോട്ടെ പ്രത്യേക സാഹചര്യത്തിൽ മുഴുവൻ കടകളും രാവിലെ 11 മണിക്ക് തുറക്കുകയും വൈകുന്നേരം 5 മണിക്ക് അടയ്‌ക്കുകയും ചെയ്യണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കളക്ടർ കർശനമായ നടപടിക്ക് ശുപാർശ ചെയ്തത്.