sibi
സിബി

തൃക്കാക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടി യുവാവിന്റെ ശല്യം കാരണം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ൽ പുതുശേരി മുകൾഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് സ്വദേശി പടശേരി വീട്ടിൽ സിബിയെ (19 ) ആണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കങ്ങരപ്പടി സ്വദേശിനി പ്ലസ് വൺ വിദ്യാർത്ഥിനി സ്വന്തം വീട്ടിൽ വച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാൾ വിദ്യാർത്ഥിനിയെ സ്ഥിരമായി ശല്യപ്പെടുത്തുകയും സ്കൂളിലേക്ക് നടന്നുപോകുന്ന സമയത്ത് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുവച്ച് തടഞ്ഞു നിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. വിവരം വീട്ടിലറിയിച്ചുവെങ്കിലും മാതാവ് മാത്രമുള്ള പെൺകുട്ടി യുവാവിന്റെ ഭാഗത്തുനിന്നും വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. സംഭവദിവസം രാവിലെ പരീക്ഷയ്ക്ക് പോവുകയായിരുന്ന കുട്ടിക്കുനേരെ യുവാവ് മോശമായി പെരുമാറിയത് സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ ഇയാളെ താക്കീത് ചെയ്തിരുന്നു. ആ വിരോധം കൊണ്ട് പ്രതി ഉച്ചയ്ക്കും അതുവഴി കുട്ടിയെത്തേടി എത്തിയെങ്കിലും ബന്ധുവിനെ സ്കൂളിലേക്ക് വിളിച്ചുവരുത്തി പോയതിനാൽ പ്രതിയുടെ കണ്ണിൽപ്പെട്ടില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ കളമശേരിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃക്കാക്കര സി.ഐ ആർ. ഷാബു,എസ്.ഐ മാരായ ജസ്റ്റിൻ,റഫീഖ്,റോയ് കെ പുന്നൂസ്,സുമിത്ര,സി.പി.ഓ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
മുത്തശ്ശനും മുത്തശ്ശിയ്ക്കും ഒപ്പം താമസിച്ചു വരുന്ന പ്രതി മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുള്ളയാളാണെന്ന നാട്ടുകാരുടെ ആരോപണത്തെപ്പറ്റി കൂടുതലായി അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടി കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .