കാസർകോട് :കൊറോണ സ്ഥിരീകരിച്ച എരിയാലിലെ വ്യക്തിയുമായി എട്ട് ദിവസത്തോളം അടുത്ത് സുഹൃത്ത് കാസർകോട് ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ നിന്ന് വീട്ടിലേക്ക് തന്നെ എത്തിയത് ജനങ്ങളെ ആശങ്കയിലാക്കി. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ ലംഘിച്ച എരിയാൽ സ്വദേശിയായ ഇയാളുടെ പേരിൽ കാസർകോട് ടൗൺ പൊലീസ് കേസ് എടുത്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേർന്ന് ആംബുലൻസിൽ കയറ്റി ഇന്നലെ രാത്രി ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ രക്തവും സ്രവവും നൽകിയ ശേഷം ഇയാൾ നാട്ടിൽ എത്തി ഇയാൾ പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയാണ് എന്നാണ് പരാതി. മാസ്‌ക് പോലെയുള്ള യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ കാസർകോട് നിന്ന് ബസിൽ യാത്ര ചെയ്ത് എരിയാൽ ജംക്ഷനിൽ നിന്ന് പാൻ മസാല വാങ്ങി കഴിച്ചു ടൗണിലൂടെ നടക്കുന്നു എന്നായിരുന്നു ആളുകൾ പറഞ്ഞത്. വിവരം ലഭിച്ചതായും ഇയാളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കാസർകോട് ഡിവൈ എസ് പി പി ബാലകൃഷ്ണൻ പറഞ്ഞു. ഇയാളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.