hospital

കാസർകോട്:കൊറോണ രോഗവുമായി നാട്ടിലാകെ ചുറ്റിക്കറങ്ങിയ കാസർകോട് ഏരിയാൽ സ്വദേശി ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ധിക്കാരം കാട്ടുന്നതായി പരാതി ഉയരുന്നു. ജീവനക്കാരുടെ നിർദ്ദേശങ്ങളൊന്നും അനുസരിക്കാത്ത ഇയാൾ ചികിത്സയോട് സഹകരിക്കുന്നുമില്ല.

വി ഐ പി പരിഗണനയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയ പ്രത്യേക മുറിയാണ് പുത്തൻ പണക്കാരനായ ഇയാൾക്ക് നൽകിയത്. ജനാലയുള്ള മുറി വേണമെന്ന് പറഞ്ഞാണ് ആദ്യദിവസം ബഹളമുണ്ടാക്കിയത്. കൊറോണ രോഗിയുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ആക്ഷേപമാകും എന്ന് ഭയന്ന അധികൃതർ നല്ല മുറി തന്നെ നൽകി. ഇന്നലെ രാവിലെ മുതൽ ആരെയും വകവയ്‌ക്കുന്നില്ല.

വാഷ് ബേസിനും ബാത്ത് റൂമും ഒക്കെ ഉണ്ടായിട്ടും ജനാലകൾ തുറന്നിട്ട് പുറത്തേക്ക് തുപ്പുന്നതുൾപ്പെടെ ഗുരുതരമായ പ്രവൃത്തികളാണ് ഇയാളുടേത്. വി.ഐ.പിക്കെതിരെ കേസെടുക്കാൻ ആരും തയ്യാറാകില്ലെന്നാണ് ജീവനക്കാർ പറയുന്നത്.ഇയാളുടെ സഞ്ചാരപഥം ദുരൂഹമായതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ സഹകരിച്ചില്ല. സാമ്പിൾ പരിശോധനയ്ക്ക് അയച്ച ശേഷം പുറത്തിറങ്ങരുതെന്നും കർശനമായ നിരീക്ഷണം വേണമെന്നും പറഞ്ഞു വീട്ടിലേക്ക്‌ വിട്ട ഇയാൾ നാട്ടിലാകെ കറങ്ങിയതിനാൽ കാസർകോട്ട് വ്യാപകമായി കൊറോണ പടരുമെന്നാണ് ആശങ്ക.

എട്ടു ദിവസം ഇയാൾ ബന്ധുവീടുകളിൽ പോയിരുന്നു. പലതവണ പോയ വീടുകളിലെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇന്നലെ രോഗഭീതിയിൽ ജനറൽ ആശുപത്രിയിൽ എത്തിയത്. രണ്ടര വയസും 11 വയസുമുള്ള കുട്ടികൾ ഉൾപ്പെടെ കരഞ്ഞു ബഹളം വച്ച് വന്ന ഇവരുടെ തിരക്കു കാരണം ആശുപത്രി അധികൃതരും വിഷമിച്ചു. ഇവരിൽ പലരെയും കാസർകോട് ഗവ. ഹൈസ്‌കൂളിൽ തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ഇയാളുടെ സുഹൃത്തും ധിക്കാരത്തോടെയാണ് അധികാരികളോടും നാട്ടുകാരോടും പെരുമാറുന്നത്. പൊലീസ് കേസെടുത്തിട്ടും നിരീക്ഷണത്തിലിരിക്കെ ഇറങ്ങിനടന്ന ഇയാൾ പലരുമായും ഇടപഴകി. ഇരുവരും എട്ട് ദിവസമാണ് നാട്ടിലാകെ കറങ്ങി നടന്നന്നത്.

''കാസർകോട്ടെ കൊറോണ രോഗി കാട്ടുന്നത് ധിക്കാരമാണ്. ഇയാൾക്കെതിരെ കർശന നടപടി വേണ്ടിവരും. അന്വേഷണം പുരോഗമിക്കുകയാണ്. നിരീക്ഷണത്തിലിരിക്കുമ്പോൾ ഇറങ്ങി നടക്കുകയും രോഗം തെളിഞ്ഞ ശേഷം റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനോട് നിസഹകരിക്കുകയും ചെയ്‌തു. ഗൾഫിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ മടങ്ങിയെത്തിയ സാഹചര്യത്തിൽ കൊറോണ പ്രതിരോധം വലിയ വെല്ലുവിളിയാണ്.''

കെ.കെ ശൈലജ ( ആരോഗ്യ വകുപ്പ് മന്ത്രി )