കണ്ണൂർ:കൊറോണ ജാഗ്രത അങ്ങേയറ്റം ഗൗരവപരമായ ഘട്ടത്തിലാണെന്ന തിരിച്ചറിവോടെ മുഴുവൻ വിശ്വാസികളും മറ്റൊരു അറിയിപ്പ് വരെ നമസ്‌കാരം വീടുകളിൽ നിർവഹിക്കണമെന്ന് വിവിധ മുസ്ലിം മതസംഘടനാ നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
സമീപ ജില്ലയായ കാസർകോട്ടെ സ്ഥിതിയും സംസ്ഥാനത്തെയും രാജ്യത്തെയും പൊതുവായ അവസ്ഥയും ഗൗരവമായി പരിഗണിക്കണം.കൂട്ടായ ത്യാഗത്തിലൂടെ മാത്രമേ ഈ സ്ഥിതി മറി കടക്കാനാവൂ. ഈ മഹാമാരി കൂടുതൽ ആളുകളിലെക്ക് അതിവേഗത്തിൽ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഒരു ഘട്ടത്തിലേക്ക് നാട് എത്തിപ്പെടുമ്പോൾ സാമൂഹികമായ സുരക്ഷാ ബാധ്യത പള്ളി പരിപാലകരുടേത് കുടിയാണ്. ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പള്ളികൾ പൂർണ്ണമായി നിയന്ത്രിക്കുകയാണ് അഭികാമ്യം.
സമയത്തിന് ബാങ്ക് വിളിച്ച ഉടൻ ഇമാമും മുഅദ്ദിനും നമസ്‌കാരം നിർവഹിച്ചാൽ മതി. വീടുകളിലുള്ളവർ കുടുംബത്തോടെ വീട്ടിൽ നമസ്‌കരിക്കുകയാണ് വേണ്ടത്. ആരോഗ്യപരിപാലനം പൂർവസ്ഥിതിയിലാവുന്ന തിനനുസരിച്ച് വീണ്ടും സംഘടിത നമസ്‌കാരം പുന:സ്ഥാപിക്കാവുന്നതേയുള്ളൂ.
സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രയത്നങ്ങളെ സഹായിച്ചും എല്ലാ ജനങ്ങളും അവരുടെ കടമ നിർവഹിക്കണമെന്നും കെ.എൻ.എം. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.കെ.ഇബ്രാഹിം ഹാജി, സെക്രട്ടറി ഡോ. എ.എ. ബഷീർ, ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് സാജിദ് നദ് വി,സെക്രട്ടറി സി.കെ.എ.ജബ്ബാർ ,വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് നാസിർ സ്വലാഹി, സെക്രട്ടറി ഇസ്മായിൽ കിണവക്കൽ
കെ.എൻ.എം മർകസുദഅ് വ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.എ.അബൂബക്കർ സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി
എന്നിവർ വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.