മാഹി: എല്ലാ സർക്കാർ മുന്നറിയിപ്പുകളും അവഗണിച്ച് ,നാട് ചുറ്റിയ ഗൾഫിൽ നിന്നെത്തിയ ചുറ്റുവട്ടത്തുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ ആരും പറയാതെ അദ്ധ്യാപക ദമ്പതികൾ സ്വന്തം കർമ്മത്തിലൂടെ സമൂഹത്തിന് മാതൃകയായി.
ലഖ്‌നോവിലുള്ള അസുഖബാധിതനായ ബന്ധുവിനെ കാണാൻ പെരിങ്ങാടിയിലെ സി.വി.രാജനും ഭാര്യ ജോയമ്മയും പോകുമ്പോൾ നാട്ടിൽ കൊറോണ ഭീതിയുണ്ടായിരുന്നില്ല. കണ്ണൂർ, ഹൈദരബാദ് വഴി ലഖ്‌നോവിലെത്തിയ ഇരുവരും ഒരാഴ്ചക്കാലം അവിടെ തങ്ങി. അപ്പോഴേക്കും രാജ്യവ്യാപകമായി കൊറോണ വ്യാപിക്കാൻ തുടങ്ങിയിരുന്നു. ഭീതിതമായ സാഹചര്യത്തിൽ കണ്ണൂർ എയർപോർട്ടിലെത്തിയ ഇരുവരും നേരത്തെ വിളിച്ചറിയിച്ചതിനെത്തുടർന്ന്, ബന്ധുക്കളെത്തി വീടിന്റെ ഗേറ്റും വാതിലും തുറന്ന് വച്ചിരുന്നു. ഇവരുടെ കാർ കണ്ട മാത്രയിൽ തന്നെ പോകാൻ പറഞ്ഞു. ഗേറ്റ് സ്വയം പൂട്ടി. വസ്ത്രങ്ങളത്രയും ക്ലോറിനിൽ കുതിർത്തു വച്ചു. അണുവിമുക്ത വസ്തുക്കളുപയോഗിച്ച് വൃത്തിയാക്കി. പ്രത്യേക പാക്കറ്റിലാക്കിയ ഉപയോഗിച്ച മാസ്‌കുകൾ കത്തിച്ചു കളഞ്ഞു. ഭക്ഷണ സാധനങ്ങൾ ഇവർ പറഞ്ഞതനുസരിച്ച് ബന്ധുക്കൾ ഗേറ്റിൽ കൊണ്ട് വന്ന് വച്ചിട്ട് പോകും. നാല് ദിവസമായി ഇരുവരും വീട്ടിനകത്ത് കഴിയുകയാണ്. അതിനിടെ തൊട്ടടുത്ത വീട്ടിൽ അടുത്ത സൗഹൃദത്തിൽ പെട്ട ആൾ മരിച്ചിട്ടും പോയില്ല. നിരവധി സംഘടനകളുടെ സാരഥ്യം വഹിക്കുന്ന ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ മാഷ്, പരിചയക്കാരോടെല്ലാം ഇങ്ങോട്ട് വരരുതെന്ന് ഫോണിലൂടെ സ്‌നേഹത്തോടെ അഭ്യർത്ഥിക്കുകയും ചെയ്തു.
രാജ്യത്തിനകത്ത് സഞ്ചരിച്ച ഇവരോട് നിയന്ത്രണം പാലിക്കാൻ ആരും പറഞ്ഞിട്ടില്ല. എങ്കിലും മാതൃകാദ്ധ്യാപക ദമ്പതികളായ ഇവർ രണ്ടാഴ്ചക്കാലത്തേക്ക് സ്വയം നിയന്ത്രണം പാലിച്ച്, സമൂഹത്തിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണ്;സാമൂഹ്യ ബോധവത്ക്കരണത്തിന് മാതൃകയായി ..