corona-virus

കാസർകോട്: ദുബായിൽ പോയി കൊണ്ടുവരുന്നത് തുണിത്തരങ്ങളും കോസ്‌മെറ്റിക്‌സുമാണെന്നും,, തനിക്ക് സ്വർണക്കടത്താണെന്നത് ജില്ലാ കളക്ടറുടെ നുണപ്രചാരണമാണെന്നും കൊറോണ രോഗ ബാധിതനായ കാസർകോട് ഏരിയാൽ സ്വദേശി. വസ്ത്രങ്ങളും മറ്റു കൊണ്ടുവന്ന് മുംബെയിലും കാസർകോടും കച്ചവടം നടത്തുന്നതാണ് തന്റെ ബിസിനസ്. ഇതിനായി രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വിദേശത്തേക്ക് പോകാറുണ്ട്. താൻ ഇതേവരെ സ്വർണം കടത്തിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു..

" മാർച്ച് 12 ന് നാട്ടിൽ എത്തിയതിനു ശേഷം കാസർകോട് ജില്ല വിട്ട് എവിടെയും പോയിട്ടില്ല. റൂട്ട് മാപ്പിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. മംഗളുരുവിലോ കണ്ണൂരിലോ തളിപ്പറമ്പിലോ പോയിട്ടില്ല. വിവാഹം. ഗൃഹപ്രവേശം, തോട്ടിൽ തൂക്കൽ, ക്ലബിലെ പരിപാടി എന്നിവയിലെല്ലാം പങ്കെടുത്തത് ശരിയാണ്. അതെല്ലാം ചെറിയ പരിപാടികളായിരുന്നു. വിവാഹ പരിപാടി നാനൂറ് ആളുകൾ പങ്കെടുത്തതായിരുന്നു. ഗൃഹപ്രവേശത്തിൽ150 ആളുകളും പങ്കെടുത്തു. തോട്ടിൽ തൂക്കലിൽ വീട്ടുകാരായ 15 ആളുകൾ മാത്രമാണുണ്ടായിരുന്നത്. എം.എൽ.എ മാർക്ക് കൈ കൊടുത്തതും നേരാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ആരെങ്കിലും കളക്ടറെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നറിയില്ല.

മൊബൈൽ ഫോൺ ഉപയോഗിച്ച സ്ഥലങ്ങൾ പരിശോധിച്ചാൽ അറിയാം എവിടെയൊക്കെ പോയിട്ടുണ്ടെന്ന്. ഞാൻ പറയുന്നത് കളവാണെങ്കിൽ ഏത് അന്വേഷണത്തെ നേരിടാനും നടപടി ഏറ്റുവാങ്ങാനും തയ്യാറാണ്'- കൊറോണ രോഗബാധിതൻ ഐസൊലേഷൻ വാർഡിൽ നിന്നുള്ള ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.